സൗദി ദേശീയദിനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ആശംസ നേർന്നു
ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനത്തോടനുബന്ധിച്ച് ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ആശംസകൾ നേർന്നു. സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, സൗദിയിലെ ജനങ്ങൾ എന്നിവർക്ക് ഹൃദയം നിറഞ്ഞ ദേശീയദിനാശംസകൾ നേരുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തിറക്കിയ സന്ദേശത്തിൽ അറിയിച്ചു.
സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകവും ശ്രദ്ധേയമായ വൈവിധ്യമാർന്ന നേട്ടങ്ങളും വളർച്ചയുടെയും പരിവർത്തനത്തിെൻറയും പാതയിലൂടെയുള്ള രാജ്യത്തിെൻറ യാത്രയും ആഘോഷിക്കാനുള്ള അവസരമാണ് ദേശീയദിനമെന്ന് കോൺസൽ ജനറൽ പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധവും മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളും രാജ്യത്തിെൻറ നല്ല ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ശക്തമായ തന്ത്രപ്രധാന പങ്കാളിത്തമാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര പുരോഗതിക്കും സമൃദ്ധിക്കും ശാശ്വതമായ സൗഹൃദത്തിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന പ്രത്യാശയും കോൺസൽ ജനറൽ പ്രകടിപ്പിച്ചു. സൗദി അറേബ്യ വരും വർഷങ്ങളിലും കൂടുതൽ അഭിവൃദ്ധി പ്രാപിക്കട്ടെയെന്നും ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. എല്ലാവർക്കും സൗദി ദേശീയദിനാശംസകൾ നേരുന്നതായും സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.