സൗദി ദേശീയ ദിനാഘോഷം; സന്നദ്ധ സേവനത്തിന് രജിസ്റ്റർ ചെയ്തത് 10 ലക്ഷത്തിലധികം പേർ

റിയാദ്: 92-ാമത് ദേശീയ ദിനാഘോഷങ്ങൾ മുന്നേറവേ സൗദി മാനവ വിഭവശേഷി സമൂഹിക വികസന മന്ത്രാലയത്തിന്റെ വളന്റിയർ പോർട്ടലിൽ സന്നദ്ധസേവനത്തിന് തയാറായി രജിസ്റ്റർ ചെയ്തത് 10 ലക്ഷത്തിലധികം പേർ. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ജനോപകാരപ്രദമായ സംരംഭങ്ങളിലും സന്നദ്ധ സേവനത്തിന് സ്വയം തയാറായി മുന്നോട്ട് വന്നവരാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി. പരസഹായ അവസരങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ സർക്കാരും സ്വകാര്യ ഏജൻസികളും വാഗ്ദാനം ചെയ്യുന്ന ജനക്ഷേമ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹികവികസന മന്ത്രാലയ വളന്ററി ജനറൽ ഡയറക്ടർ മിശാഇൽ അൽ-മുബാറക്

 സന്നദ്ധസേവകർക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഒരു ഇൻകുബേറ്ററായി പോർട്ടൽ വർത്തിക്കും. സന്നദ്ധ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സംരഭങ്ങളെ പോർട്ടൽ ഏകോപിപ്പിക്കും. അത്തരം ഏജൻസികളുടെയും സന്നദ്ധ പ്രവർത്തകരുടെയും അവകാശങ്ങളെ പോർട്ടൽ സംരക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനകം രാജ്യത്തുടനീളം തുടക്കം കുറിക്കുകയും ദേശീയദിനമായ വെള്ളിയാഴ്ചയോടെ വ്യാപകമാവുകയും ചെയ്യുന്ന ദേശീയ ദിനാഘോഷങ്ങളിൽ സന്നദ്ധപ്രവർത്തകർക്ക് അവരുടേതായ സംഭാവന നൽകാനുള്ള അവസരമുണ്ടാകുമെന്നും മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അതിനാവശ്യമായ പ്രോത്സാഹനം നൽകുമെന്നും മന്ത്രാലയ വളന്ററി ജനറൽ ഡയറക്ടർ മിശാഇൽ അൽ-മുബാറക് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ദേശീയ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന സാംസ്കാരിവും ചരിത്രപരവും പൈതൃകാത്മകവുമായ നിരവധി പരിപാടികളിൽ സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾക്ക് മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും വളന്ററി ജനറൽ അഡ്മിനിസ്ട്രേഷനും അവസരമൊരുക്കും. ഇത്തരം പ്രവർത്തനങ്ങളും അതിന്റെ സമൂഹിക പ്രതിഫലനങ്ങളും 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തിന് സഹായകമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Saudi National Day Celebration; More than 10 lakh people registered for voluntary service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.