ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റ് (എസ്.എം.എൽ.എഫ്)െൻറ രണ്ടാം പതിപ്പിന് സെപ്റ്റംബർ 23-ന് ഔദ്യോഗിക തുടക്കമാകും. സാഹിത്യോത്സവം ഇത്തവണ ഒക്ടോബർ 31 വരെ ഒരു മാസം നീണ്ടുനിൽക്കും.
സെപ്റ്റംബർ 23ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എം. എൻ. കാരശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും കവയത്രിയുമായ റോസ്മേരി, സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ വി.സി. അഭിലാഷ്, ഡോക്യുമെൻററി സംവിധായിക ഷൈനി ബെഞ്ചമിൻ, എഴുത്തുകാരിയും വിവർത്തകയുമായ ഷൈല രവീന്ദ്രൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്ര ശിൽപശാല, സാംസ്കാരിക പ്രഭാഷണം, പുസ്തക പ്രകാശനങ്ങൾ, ഡോക്യുമെൻററി പ്രദർശനം, ഗസൽ സന്ധ്യ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും.
ഒക്ടോബർ ഒമ്പതിന് നടക്കുന്ന കാവ്യോത്സവത്തിൽ പ്രശസ്ത നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരിക്കും. പ്രവാസി കവികളുമായുള്ള മുഖാമുഖം, കവിതകൾ അവതരിപ്പിക്കുന്ന കവിതാസ്വാദന സദസ്സ്, കാവ്യസമാഹാരങ്ങളുടെ പവിലിയൻ എന്നിവയ്ക്ക് പുറമേ ഇർഷാദ് അലിയുടെ ‘പൂക്കാതിരിക്കാൻ എനിക്കാവാതില്ലേ’ എന്ന കവിതാലാപനവും പറച്ചിലും പരിപാടിയും ഇതിെൻറ ഭാഗമായി നടക്കും. ഒക്ടോബർ 16ന് നടക്കുന്ന ആർട്ട് ഫെസ്റ്റിനോടനുബന്ധിച്ച ചിത്രരചന ശിൽപശാലയിൽ എഴുത്തുകാരനും ചിത്രകാരനുമായ മുക്താർ ഉദരംപൊയിൽ മുഖ്യാതിഥിയാകും. ‘മലയാള സാഹിത്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള തത്സമയ ചിത്രരചന, പ്രമുഖ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങൾ, ‘വരയിടം’ എന്നിവ ആർട്ട് ഫെസ്റ്റിെൻറ ഭാഗമായി സംഘടിപ്പിക്കും.
ഒക്ടോബർ 29, 30, 31 തീയതികളിലായി നടക്കുന്ന സമാപന സമ്മേളനത്തിൽ സത്യൻ അന്തിക്കാട്, ടി.ഡി. രാമകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രഫ. വീരാൻകുട്ടി, ഇന്ദു മേനോൻ എന്നിവരും പ്രവാസലോകത്തെ എഴുത്തുകാരും പങ്കാളികളാകും. വിവിധ വിഷയങ്ങളിലായി 10-ഓളം ചർച്ചാസെഷനുകൾ, പുസ്തകമേള, പുസ്തകപ്രകാശനങ്ങൾ, സമാജത്തിെൻറ 10-ാം വാർഷിക സുവനീർ പ്രകാശനം എന്നിവയും സമാപനത്തോടനുബന്ധിച്ച് നടക്കും.
പ്രവാസ സാഹിത്യരംഗത്തെ കഥ, കവിത, നോവൽ, സഞ്ചാരസാഹിത്യം, സിനിമ തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഏർപ്പെടുത്തിയ സമാജം പ്രവാസ മുദ്ര പുരസ്കാരം 2026 സമാപന സമ്മേളനത്തിൽ വെച്ച് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന് സമ്മാനിക്കും.
ലിറ്റററി ഫെസ്റ്റിനോടനുബന്ധിച്ച് ജിസിസി തലത്തിൽ സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും ഇതേ വേദിയിൽ വെച്ച് വിതരണം ചെയ്യുമെന്നും, ദേശീയ തലത്തിൽ ശ്രദ്ധേയരായ ചില അപ്രതീക്ഷിത അതിഥികൾ കൂടി പരിപാടിയിൽ പങ്കെടുക്കുമെന്നും സമാജം ദേശീയ പ്രസിഡൻറ് മാലിക് മഖ്ബൂൽ ആലുങ്ങൽ, ദമ്മാം റീജനൽ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ട്രഷറർ ഫബിന നജ്മുസമാൻ, ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ, ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുഷാൽ തഞ്ചേരി, ഹുസൈൻ ചമ്പോളിൽ എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.