നാലാം പതിപ്പിലെ അതിഥികളായ കമർബാനു വലിയകത്ത് നിഖില സമീർ എന്നിവർ സദസ്സുമായി സംവദിക്കുന്നു
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് ‘എഴുത്തുകാരും പുസ്തകങ്ങളും'
റിയാദ്: റിയാദ്: പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ സംഘടിപ്പിച്ചു വരുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ പരിപാടിയുടെ നാലാം പതിപ്പ് പുസ്തകാവതരണവും സർഗാത്മക സംവാദങ്ങളുമായി ശ്രദ്ധേയമായി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന നാലാം പതിപ്പിൽ എഴുത്തുകാരായ നിഖില സമീറും കമർബാനു വലിയകത്തുമായിരുന്നു അതിഥികൾ. നിഖില സമീറിന്റെ പുസ്തകങ്ങളായ ‘അമേയ’,’നീയും നിലാവും’,’വൈദ്യേഴ്സ് മൻസിൽ’ എന്നിവയുടെ വായനാനുഭവങ്ങൾ ഷാഫി മാസ്റ്റർ തുവ്വൂർ പങ്കുവെച്ചു. കമർബാനു വലിയകത്തിന്റെ ‘ബഷീറും സുഹ്റയും, പിന്നെ ചന്ദ്രികയും’ എന്ന പുസ്തകം റഹ്മത്ത് അഷ്റഫ് അവതരിപ്പിച്ചു. ‘പ്രണയഭാഷ’ എന്ന കൃതി ജോസഫ് അതിരുങ്കൽ പരിചയപ്പെടുത്തി. ‘ഗുൽമോഹറിതളുകൾ’എന്ന പുസ്തകത്തെക്കുറിച്ച് സലീം പള്ളിയിൽ സംസാരിച്ചു. അതിഥികളുടെ പുസ്തകങ്ങളിൽ നിന്നുള്ള കവിതകൾ സക്കീർ ദാനത്ത് ആലപിച്ചു. തിരക്കേറിയ ജീവിതസാഹചര്യങ്ങൾക്കിടയിലും സ്വന്തം ചിന്തകളെയും അനുഭവങ്ങളെയും ആഴത്തിൽ വിശകലനം ചെയ്ത് അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കാനുള്ള ആത്മീയവും മാനസികവുമായ ഇടം പ്രവാസഭൂമി തനിക്ക് ഒരുക്കിയെന്ന് നിഖില സമീർ പറഞ്ഞു. വായന മനുഷ്യന്റെ ചിന്താലോകത്തെ വികസിപ്പി ക്കുകയും ജീവിതത്തെ കൂടുതൽ ആഴത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയും സമീപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് കമർബാനു പറഞ്ഞു.
പ്രിയദർശിനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ കോഓർഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങ് നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി പബ്ലിക്കേഷൻസ് അക്കാദമിക് കൗൺസിൽ അംഗം നാദിർഷാ റഹ്മാൻ ആമുഖപ്രഭാഷണം നടത്തി. അഷ്റഫ് മേച്ചേരി സ്വാഗതം പറഞ്ഞു.ശിഹാബ് കൊട്ടുകാട്, അബ്ദുല്ല വല്ലാഞ്ചിറ, നാസർ കാരന്തൂർ, മുഹമ്മദ് അലി മണ്ണാർക്കാട്, വി. ജെ നസ്രുദ്ദീൻ ,രഘുനാഥ് പറശ്ശിനിക്കടവ്, സത്താർ താമരത്ത്,ഷംനാദ് കരുനാഗപ്പള്ളി, ജസീല മൂസ എന്നിവർ സംസാരിച്ചു. കമർബാനു വലിയകത്തിനുള്ള പുരസ്കാരം ബാലുക്കുട്ടനും,നിഖില സമീറിനുള്ള പുരസ്കാരം വി. ജെ. നസറുദ്ദീനും ചടങ്ങിൽ സമ്മാനിച്ചു. ചർച്ചയുടെ വിവിധ തലങ്ങളിൽ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ച ഹിബ അബ്ദുൽ സലാം പരിപാടിയുടെ സമാപനത്തിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.