ജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ നടപടികളെ സഹായിക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ‘തവക്കൽനാ’ എന്ന പേരിട്ട ആപ് സൗദി കമീഷൻ ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സ്ദാഇയ) ആണ് വികസിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മുഴുവൻ ഗവൺമെൻറ് വകുപ്പുകളും കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തിെൻറ പശ്ചാത്തലത്തിലാണ് സർക്കാർ വകുപ്പുകളെ സഹായിക്കാൻ ആപ്ലിക്കേഷൻ ഒരുക്കിയത്. നിലവിൽ ഇതിെൻറ പ്രയോജനം കർഫ്യു സമയത്ത് ഇളവ് നൽകിയ ഗവൺമെൻറ്, സ്വകാര്യ ഏജൻസികൾക്ക് മാത്രമാക്കിയിട്ടുണ്ട്. ഗവൺമെൻറ്, സ്വകാര്യ ഏജൻസികൾക്ക് തങ്ങളുടെ കീഴിലെ ജീവനക്കാർക്ക് നിശ്ചിത പോർട്ടൽ വഴി ഒാൺലൈൻ -അനുമതി പത്രങ്ങൾ നേടാൻ ഇതുവഴി സാധ്യമാകും.
ഇതിന് പുറമെ ചികിത്സക്ക് അപ്പോയിൻറ്മെൻറ് എടുത്തവർക്കും ഹോം ഡെലിവറി ആപ്ലിക്കേഷൻ ജീവനക്കാർക്കും കർഫ്യു സമയത്ത് യാത്രക്കുള്ള അനുമതി ‘തവക്കൽനാ’ വഴി നേടാനാകും. ആരോഗ്യ മന്ത്രാലയത്തിെൻറ കൂടി സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് എന്നതിനാൽ കോവിഡ് ബാധ സംബന്ധിച്ച തത്സമയ വിവരങ്ങൾ നേരിട്ടറിയാനും സാധിക്കും. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ, ജാഗ്രതാനിർദേശങ്ങൾ, മെഡിക്കൽ ബുള്ളറ്റിനുകൾ, രോഗപകർച്ച തടയാനുള്ള വഴികൾ എന്നിവയും ഇൗ ആപ്പിലൂടെ അറിയാൻ സാധിക്കും. നിലവിൽ പരീക്ഷാടിസ്ഥാനത്തിലാണ് ആരംഭിച്ചിരിക്കുന്നത്.
ഒൗദ്യോഗിക പ്രവർത്തനോദ്ഘാടനം എന്ന് മുതലാണെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് അതോറിറ്റി അറിയിച്ചു. രാജ്യത്തുള്ള മുഴുവനാളുകൾക്കും ഇൗ ആപ് ഉപയോഗിക്കാനും അതിൽ രജിസ്റ്റർ ചെയ്ത് അനുമതി പത്രങ്ങൾ നേടാനും ആരോഗ്യസംബന്ധമായ വിവരങ്ങൾ അറിയാനും സാധിക്കും. കർഫ്യു കാലയളവിൽ പുറത്തിറങ്ങാനും ചികിത്സക്കും മറ്റ് മാനുഷികമായ ആവശ്യങ്ങൾക്കും അത്യാഹിതങ്ങളുണ്ടാകുേമ്പാഴും കാറ്ററിങ് മേഖലയിലെ ഡെലിവറി പോലുള്ള ആവശ്യങ്ങൾക്കും വേണ്ട അനുമതി പത്രങ്ങൾ ആപ് വഴി ലഭിക്കും. ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കുമെന്നും നവീകരിക്കുമെന്നും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.