പരിപാടിയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥർ
ജിദ്ദ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ആഘോഷ വിരുന്ന് ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും വിളംബരമായി. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ആതിഥേയത്വം വഹിച്ച ചടങ്ങിൽ നയതന്ത്ര, വ്യാപാര മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
സൗദി വിദേശകാര്യ മന്ത്രാലയം മക്ക റീജനൽ ഡയറക്ടർ ജനറൽ ഫരീദ് ബിൻ സാദ് അൽഷഹ്രി മുഖ്യാതിഥിയായും, ജിദ്ദ ഇസ്ലാമിക് പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ സലിം അലി അൽമിഹ്വാരി വിശിഷ്ടാതിഥിയുമായിരുന്നു.
ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ഒരുക്കിയ റിപ്പബ്ലിക് ദിനാഘോഷ വിരുന്ന് ഉദ്ഘാടന ചടങ്ങ്
സാധാരണ കേക്ക് മുറിച്ച് ആഘോഷിക്കുന്ന രീതിക്ക് പകരം, പരിസ്ഥിതി സംരക്ഷണത്തിനായി വിഭാവനം ചെയ്ത ‘ഏക് പേഡ് മാ കേ നാം’പദ്ധതിയുടെ ഭാഗമായി ചെടികൾ നനച്ചുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സുസ്ഥിരതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച ഈ വേറിട്ട രീതി ഏറെ ശ്രദ്ധിക്കപ്പെട്ടു. 40ഓളം രാജ്യങ്ങളിൽ നിന്നുള്ള കോൺസൽ ജനറൽമാർ, നയതന്ത്രജ്ഞർ, പ്രമുഖ ബിസിനസ് ഗ്രൂപ്പ് പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ത്യയും സൗദിയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധമാണ് ഉഭയകക്ഷി സഹകരണത്തിന്റെ നട്ടെല്ലെന്ന് കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പറഞ്ഞു. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പശ്ചിമ മേഖലയിലെ ഗവർണർമാരുമായും വ്യവസായ പ്രമുഖരുമായുള്ള സമ്പർക്കം വ്യാപാര-നിക്ഷേപ മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കും. 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ സൗദി സന്ദർശനം ബന്ധം കൂടുതൽ ദൃഢമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ കരകൗശല-സാങ്കേതിക മികവ് വിളിച്ചോതുന്ന എക്സ്പീരിയൻസ് സോണുകൾ ഒരുക്കിയിരുന്നു. 2025-ലെ ഇന്ത്യ-സൗദി ബന്ധങ്ങളിലെ സുപ്രധാന നിമിഷങ്ങൾ കോർത്തിണക്കിയ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ‘ഇന്ത്യ-സൗദി ഇൻവെസ്റ്റ്മെന്റ് കണക്റ്റ്’രണ്ടാം പതിപ്പിന്റെ ടീസർ ചടങ്ങിൽ പുറത്തിറക്കി. പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ ഭരതനാട്യം, കഥക് തുടങ്ങിയ നൃത്തങ്ങളും ഷിഫാന ഷാജിയും സംഘവും അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വേദിയിൽ അരങ്ങേറി. കൂടാതെ ‘തന്ത്ര’എന്ന ഇന്ത്യൻ ചലച്ചിത്രത്തിന്റെ പ്രത്യേക പ്രദർശനവും അതിഥികൾക്കായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.