ദാവോസ് ഫോറത്തിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഈയാഴ്ച ലബനാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ദാവോസ് ഫോറത്തിൽ ‘വെല്ലുവിളികളുടെ വെളിച്ചത്തിൽ നയതന്ത്രം’ എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെക്കാലമായി ഒഴിഞ്ഞുകിടക്കുന്നതിന് ശേഷം ലബനാനിൽ നടന്ന പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സൗദി അറേബ്യ ക്രിയാത്മകമായി കാണുന്നു. ലബനാനിന്റെ ഭൂതകാലത്തിലേക്ക് നോക്കാതെ ഭാവിയിലേക്ക് നോക്കാൻ സഹായിക്കുന്ന റിയലിസ്റ്റിക് നടപടികളും മൂർത്തമായ പരിഷ്കാരങ്ങളും ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കാൻ സിറിയൻ ഭരണകൂടത്തിന് വലിയ ആഗ്രഹമുണ്ട്.
പരിവർത്തന ഘട്ടത്തിൽ സിറിയയെ സഹായിക്കുകയും ഉപരോധം നീക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തുകയും ചെയ്യണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിദേശകാര്യ മന്ത്രി ചർച്ച ചെയ്തു. മേഖലയിൽ യുദ്ധം ഒഴിവാക്കാൻ സൗദി ശ്രമിക്കുന്നു.
ഗസ്സയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വെടിനിർത്തലിനെക്കുറിച്ച് പോസിറ്റീവ് നിലപാടാകാൻ ഇറാനോട് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ അമേരിക്കൻ ഭരണകൂടം മിഡിൽ ഈസ്റ്റിൽ യുദ്ധ സാധ്യത വർധിപ്പിക്കാൻ സഹായിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഗസ്സയിലെ വെടിനിർത്തൽ കരാർ വളരെ നല്ല നടപടിയായി കാണുന്നു. എന്നിരുന്നാലും ഈ മേഖല സാക്ഷ്യം വഹിച്ച ദുരിതത്തിന്റെ അവസാനത്തെ അർഥമാക്കുന്നില്ല. സഹകരണം, ഐക്യദാർഢ്യം, ഏകീകരണം എന്നിവയിൽ അധിഷ്ഠിതമായ ഒരു പ്രദേശം എങ്ങനെ കെട്ടിപ്പടുക്കാം എന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളിയെന്ന് വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
സൗദി ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ലബനാനിന്റെ ഭാവി സംബന്ധിച്ച് ലബനീസ് ഉദ്യോഗസ്ഥർ പുറപ്പെടുവിച്ച പ്രസ്താവനകളെക്കുറിച്ചും സൗദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.