ഇത്തവണത്തെ ഹജ്ജ് കർമങ്ങൾക്കിടയിൽ തീർഥാടകർ
മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കിയ സൗദി അറേബ്യക്ക് ലോകാരോഗ്യ സംഘടനയുടെ ആദരവും പ്രശംസയും. തീർഥാടകർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുന്നതിനായി സൗദി ആരോഗ്യമേഖലയിലെ പ്രവർത്തകർ നടത്തിയ സമാനതകളില്ലാത്ത സേവനങ്ങളെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അഭിനന്ദിച്ചു.
ഈ വർഷത്തെ ഹജ്ജ് സീസൺ പകർച്ചവ്യാധികളിൽ നിന്നോ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന മറ്റ് ആരോഗ്യ ഭീഷണികളിൽ നിന്നോ പൂർണമായും മുക്തമായിരുന്നു എന്ന സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ ഔദ്യോഗിക പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര സംഘടനയുടെ ഈ പ്രശംസ വന്നിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമങ്ങളിലൊന്നിനെ ഏറ്റവും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി കൈകാര്യം ചെയ്യുന്നതിൽ സൗദി വിജയിച്ചതായി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. സൗദി ആരോഗ്യ സംവിധാനത്തിെൻറ കാര്യക്ഷമതയിലും, വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള രാജ്യത്തിെൻറ ശേഷിയിലുമുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ വിശ്വാസമാണ് ഈ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നത്.
ഹജ്ജ് സീസണിൽ സൗദി അറേബ്യ നടപ്പിലാക്കിയ വിപുലമായ ആരോഗ്യ സജ്ജീകരണങ്ങളെ ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഡോ. ഹനാൻ ബൽഖിയും പ്രത്യേകം പ്രശംസിച്ചു. റോബോട്ടുകൾ, ഡ്രോണുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ ഫലപ്രദമായ ഉപയോഗം, പുണ്യസ്ഥലങ്ങളിലുടനീളം ലഭ്യമാക്കിയ വ്യാപകമായ ആരോഗ്യ സേവനങ്ങൾ, തീർഥാടകരുടെ ആത്മീയ യാത്രയിലുടനീളമുള്ള കർശനമായ ആരോഗ്യ നിരീക്ഷണം എന്നിവ സൗദിയുടെ മികച്ച തയ്യാറെടുപ്പിെൻറ തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർ ഒത്തുചേരുന്നതിനാൽ ഹജ്ജ് കാലത്തെ ആരോഗ്യ സുരക്ഷ എന്നത് ആഗോള ആരോഗ്യ സുരക്ഷയുടെ തന്നെ ഭാഗമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തീർഥാടകരുടെ വരവിനു മുൻപുള്ള ആരോഗ്യ ആവശ്യകതകൾ ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തിവെപ്പുകൾ, തുടർച്ചയായ നിരീക്ഷണ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിലെ ഫലപ്രദമായ ഇടപെടലുകൾ തുടങ്ങി വിപുലമായ ഒരു സമഗ്ര സംവിധാനത്തിെൻറ ഫലമാണ് ഹജ്ജ് സീസണിെൻറ ഈ വൻ വിജയമെന്ന് ഹജ്ജ് മന്ത്രിയും അഭിപ്രായപ്പെട്ടു.
ഹജ്ജ് സീസണിെൻറ വിജയവും അതിലൂടെ ലഭ്യമായ അന്താരാഷ്ട്ര പ്രശംസയും ‘ക്രൗഡ് മെഡിസിൻ’ (ജനക്കൂട്ട വൈദ്യശാസ്ത്രം) മേഖലയിൽ സൗദി കൈവരിച്ച പുരോഗതിയുടെ അടയാളമാണ്. വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച ആരോഗ്യ രീതികൾ വികസിപ്പിക്കുന്നതിൽ സൗദി അറേബ്യക്കുള്ള മുൻനിര പങ്ക് പ്രാദേശിക-ആഗോള തലങ്ങളിൽ ആരോഗ്യ സുരക്ഷ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.