യാംബു: സൗദി അറേബ്യയിൽ അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ഇക്കഴിഞ്ഞ മേയ് മാസത്തിൽ രാജ്യത്തുടെ നീളം നടത്തിയ വിപുലമായ പരിശോധനകളെത്തുടർന്ന് വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 160 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. ഹജ്ജ് സീസണിെൻറ ഭാഗമായി പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കുള്ള വിവിധ സേവന സൗകര്യങ്ങൾ നൽകുന്ന മേഖലകളിലുമായി പതിനയ്യായിരത്തോളം പ്രത്യേക പരിശോധനകളാണ് നസഹ നടത്തിയത്. ഇതിന് പുറമേ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 2,365 തരം പരിശോധനാ പര്യടനങ്ങളും അതോറിറ്റി പൂർത്തിയാക്കി.
വ്യാപകമായ ഈ പരിശോധനകളുടെ അടിസ്ഥാനത്തിൽ 480 ജീവനക്കാർക്കെതിരെ നിലവിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളിൽ ചിലരെ പിന്നീട് നിയമപരമായ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് തുടർനടപടികൾ സ്വീകരിക്കുന്നതെന്നും നസഹ വ്യക്തമാക്കി.
ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം, ഭവന നിർമാണം എന്നീ പ്രമുഖ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. പ്രധാനമായും കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുകളുടെ ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിൽ ക്രിമിനൽ, സിവിൽ സ്വഭാവമുള്ള നിരവധി കേസുകൾ അടിയന്തര നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. രാജ്യത്തെ അഴിമതി നിർമാർജനം ചെയ്യുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത കർശന നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.