കെയ്റോയിൽ നടന്ന അടിയന്തര അറബ് ഉച്ചകോടിയിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സംസാരിക്കുന്നു
റിയാദ്: ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ ലംഘിക്കുന്നതിനെ സൗദി കർശനമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൊവ്വാഴ്ച കെയ്റോയിൽ നടന്ന അടിയന്തര അറബ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. മാറ്റിതാമസിപ്പിക്കാനും ഫലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തെയും പൂർണമായും തള്ളുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തെയും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തെയും സൗദി പിന്തുണക്കുന്നു. ഗസ്സയിൽ വെടിനിർത്തൽ ഏർപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഗാരന്റി കണ്ടെത്തേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഗസ്സയിലെ ജനങ്ങൾ അവിടെ തുടരുമ്പോൾ തന്നെ പുനർനിർമാണം പൂർത്തിയാക്കണം. സുരക്ഷക്കും സ്ഥിരതക്കും വേണ്ടിയുള്ള നടപടികളിൽ സൗദി ഫലസ്തീൻ അതോറിറ്റിക്കൊപ്പമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫലസ്തീൻ പ്രശ്നത്തിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും ഗസ്സ പുനർനിർമാണ പദ്ധതി പിന്തുണക്കാനും കുടിയൊഴിപ്പിക്കലിനുള്ള ആഹ്വാനങ്ങൾ നിരസിക്കാനുമാണ് കെയ്റോവിൽ അടിയന്തര അറബ് ഉച്ചകോടി ചൊവ്വാഴ്ച ചേർന്നത്.
അറബ് താൽപര്യങ്ങൾ കൈവരിക്കേണ്ടതിന്റെയും അറബ് ദേശീയസുരക്ഷ സംരക്ഷിക്കേണ്ടതിന്റെയും സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെയും ആവശ്യകത ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി ഉച്ചകോടിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.