മക്ക: ദേശാന്തരങ്ങൾ കടന്നെത്തിയ തീർഥാടക ലക്ഷങ്ങൾ വിശുദ്ധ മണ്ണിൽ എല്ലാ അർഥത്തിലും സുരക്ഷിതരാണെന്ന വിളംബരവുമായി മക്കയിൽ സൗദിയുടെ വിവിധ സേനാവിഭാഗങ്ങൾ അഭ്യാസപ്രകടനം നടത്തി. ഹാജിമാർക്ക് ഒരു പോറലുമേൽപിക്കാൻ പഴുതു നൽകില്ലെന്ന വീരസൈനികരുടെ പ്രതിജ്ഞ കൂടിയായിരുന്നു സൈനികപരേഡ്. ശാന്തിയുടെ താഴ്വാരം സൈനിക ശക്തിയുടെ പ്രകമ്പനത്തിൽ ആവേശഭരിതമായി. അറഫ മൈതാനത്തിനടുത്തെ സൈനിക പരേഡ് ഗ്രൗണ്ടിൽ ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ആയിരക്കണക്കിന് സൈനികർ പെങ്കടുത്ത ഉജ്വല പ്രകടനം നടന്നത്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം സല്യൂട്ട് സ്വീകരിച്ചതോടെയാണ് സേനാവിഭാഗങ്ങളുടെ വിസ്മയപ്രകടനങ്ങൾക്ക് തുടക്കമായത്. ‘ഖുവ്വ, ഹസീമ, നസ്ർ’ (കരുത്ത്, കീഴടക്കൽ, വിജയം) എന്ന് കരുത്തുറ്റ ചുവടുകളുടെ അകമ്പടിയോടെ സൈന്യം ആവേശത്തോടെ പാടി മുന്നേറി. ആകാശത്ത് വിജയപതാകയുമേന്തി ഹെലികോപ്ടറുകൾ സൈന്യത്തോടൊപ്പം ‘ചുവടുകൾ’ വെച്ചു. പലവേഷങ്ങളിൽ ആയുധങ്ങളുമേന്തിയുള്ള സേനാനീക്കങ്ങൾ ഒരുവേള കാവ്യാത്മകതയുള്ള നൃത്തച്ചുവടുകളായി. അതിർത്തികളിലും കരയിലും കടലിലും ആകാശത്തും സുരക്ഷയുടെ കവചമൊരുക്കുന്നവരുടെ ആഘോഷവേളയായി ഹജ്ജിന് മുന്നോടിയായുള്ള പരേഡ്.
വിജയകരമായ ഭീകരവേട്ടയുെട ആവിഷ്കാരം പരേഡ് കാണാനെത്തിയ പ്രമുഖരടങ്ങുന്ന ആയിരക്കണക്കിന് കാണികളെ വിസ്മയിപ്പിച്ചു. ചാവേർ സ്ഫോടനവും ഭീകരകേന്ദ്രങ്ങളിൽ ഇരച്ചുകയറിയുള്ള സൈനിക ഒാപറേഷനും നേർകാഴ്ചകളായി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന വിധം അവർ അവതരിപ്പിച്ചു. ശത്രുക്കളുടെ എല്ലാ നീക്കങ്ങളേയും ധീരതയോടെയും കൗശലത്തോടെയും നേരിട്ട് വിജയം വരിക്കുന്ന സേനയുടെ മികവ് കാണികളെ അദ്ഭുതപ്പെടുത്തി. വൻ സ്ഫോടനങ്ങളുടെ ആവിഷ്കാരം കാണികളെ െഞട്ടിച്ചു. വെടിക്കോപ്പുകളും സൈനികവാഹനങ്ങളും നിരനിരയായി നീങ്ങിയ പ്രകടനം യുദ്ധഭൂമിയുടെ പ്രതീതി ജനിപ്പിച്ചു. ഭീകര വിരുദ്ധസേന, അടിയന്തര സേന, വ്യോമ സേന, സിവിൽ ഡിഫൻസ്, ട്രാഫിക് റോഡ് സുരക്ഷ, പട്രോളിങ് വിഭാഗം, ധ്രുതകർമസേന, അതിർത്തിസേന, ഹജ്ജ്^ഉംറ സേന തുടങ്ങി 20 ഒാളം വിഭാഗങ്ങളാണ് പരേഡിൽ പെങ്കടുത്തത്.
ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നത സമിതി അധ്യക്ഷനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നായിഫ് ചടങ്ങിൽ സംസാരിച്ചു. ഹാജിമാരെ സേവിക്കാനും അവർക്ക് സുരക്ഷ ഒരുക്കാനും സാധിക്കുന്നത് രാജ്യത്തിന് ദൈവം നൽകിയ അനുഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. സൈനിക പരേഡിന് സാക്ഷ്യം വഹിക്കാൻ എത്തിയ കിരീടാവകാശിക്ക് അദ്ദേഹം നന്ദി പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽ ഫൈസൽ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ, ഇരു ഹറം കാര്യാലയ മേധാവി ഡോ.അബ്ദുറഹ്മാൻ അസ്സുദൈസ്, ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും സേനാമേധാവികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.