റിയാദ്: സൗദി അറേബ്യയുടെ വികസനത്തിൽ നാഴികക്കല്ലാകുന്ന ഏഴു പദ്ധതികളാണ് വിവിധ തലങ്ങളിൽ പുരോഗമിക്കുന്നത്. വിഷൻ 2030 െൻറയും 2020 ദേശീയ പരിവർത്തന പദ്ധതിയുടെയും കീഴിലാണ് ഇവ നടപ്പാക്കുന്നത്. പശ്ചാത്തല സൗകര്യ വികസനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യരംഗം, വിദ്യാഭ്യാസം, ഭവന നിർമാണം എന്നീ മേഖലകളിലാണ് പദ്ധതികൾ. കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കപ്പെട്ട െചങ്കടൽ ടൂറിസം പദ്ധതിയാണ് ഇതിൽ അവസാനത്തേത്. പടിഞ്ഞാറൻ തീരത്തെ 50 ദ്വീപുകളിലായി 34,000 ചതുരശ്ര കിലോമീറ്ററിലാണ് ഇൗ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് െചങ്കടൽ ടൂറിസം പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. 2019 ൽ നിർമാണം ആരംഭിച്ച് 2022 ൽ ആദ്യഘട്ടം പൂർത്തിയാക്കും. നിർമാണ ചെലവ് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മക്കയിലെ ഫൈസലിയ പദ്ധതിയാണ് മറ്റൊരു വലിയ പദ്ധതി. പശ്ചിമ മക്കയിൽ സ്ഥാപിക്കുന്ന ഫൈസലിയ സിറ്റിയിൽ റെസിഡൻഷ്യൽ യൂനിറ്റുകളും വിനോദകേന്ദ്രങ്ങളും വിമാനത്താവളവും തുറമുഖവും ഉൾപ്പെടുന്നു. 2,450 ചതുരശ്ര കിലോമീറ്ററിൽ നിർമിക്കുന്ന ഇൗ വമ്പൻ പദ്ധതി 2050 ഒാടെ പൂർത്തിയാക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് റിയാദിലെ എൻറർടൈൻമെൻറ് സിറ്റി പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക, കായിക, വിനോദ നഗരം വരുന്നത് തെക്ക് പടിഞ്ഞാറൻ റിയാദിലെ അൽഖിദ്യയിലാണ്. 3,34,000 ചതുരശ്ര കിലോമീറ്ററിലാണ് സിറ്റി നിർമിക്കുന്നത്. ആഗോള വിനോദസ്ഥാപനമായ സിക്സ് ഫ്ലാഗ്സിെൻറ ആഭിമുഖ്യത്തിൽ വലിയ ഒരു അമ്യൂസ്മെൻറ് പാർക്കും ഇവിടെ വരുന്നുണ്ട്.
സ്വതന്ത്ര ഉടമസ്ഥത സംവിധാനത്തിൽ അധിഷ്ഠിതമാണ് പടിഞ്ഞാറൻ തീരത്ത് ഉയരുന്ന കിങ് അബ്ദുല്ല ഇകണോമിക് സിറ്റി. റാബിഗിൽ 55 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് ഇൗ പദ്ധതി. 65,000 റെസിഡൻഷ്യൽ യൂനിറ്റുകൾ ഇവിടെയുണ്ടാകും. വലിയൊരു ആഴക്കടൽ തുറമുഖമാണ് ഇവിടത്തെ പ്രധാന ആകർഷണം.
റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ ആണ് മറ്റൊരു വമ്പൻ പദ്ധതി. രാജ്യത്തെയും വിദേശത്തേയും ധനകാര്യ സ്ഥാപനങ്ങളുടെ ഒരു ഹബ് ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
സൗദി സ്മാർട് സിറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിെൻറ ഭാഗമാണ് മദീനയിലെ ഇകണോമിക് നോളജ് സിറ്റി. 4.8 ചതുരശ്ര കിലോമീറ്ററിലാണ് സിറ്റി വരുന്നത്. ഇവിടെ വസിക്കുന്നവർക്ക് മക്കയിലേക്കും ജിദ്ദയിലേക്കും ഹറമൈൻ അതിവേഗ റെയിൽവേയിൽ സഞ്ചരിക്കാനാകും.
പ്രമുഖ നഗരങ്ങൾക്ക് പുറമേ ഹാഇലിൽ നിർമിക്കുന്ന പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുസഅദ് ഇകണോമിക് സിറ്റിയാണ് മറ്റൊരു പ്രമുഖ പദ്ധതി. റെസിഡൻഷ്യൽ മേഖലക്ക് പുറമേ, അന്താരാഷ്ട്ര വിമാനത്താവളം, ഹോട്ടലുകൾ, ഷോപ്പിങ് സെൻററുകൾ, വിനോദ സംവിധാനങ്ങൾ എന്നിവ 156 ചതുരശ്ര കിലോമീറ്ററിൽ വരുന്ന വിവിധോദ്യേശ നഗരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.