സൗദി-ബഹ്റൈൻ ഏകോപന കൗൺസിൽ യോഗത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കുന്നു
ദമ്മാം: കഴിഞ്ഞ ദിവസം ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന സൗദി-ബഹ്റൈൻ ഏകോപന കൗൺസിലിന്റെ നാലാമത് യോഗത്തിൽ ഇരു രാജ്യങ്ങളുടേയും ഭരണനേതൃത്വം നിരവധി കരാറുകളിൽ ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ബഹ്‌റൈൻ പ്രധാനമന്ത്രി അമീർ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഒപ്പിട്ടത് സുപ്രധാന കരാറുകളിലാണ്.
ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഏകീകരിക്കാനും വികസിപ്പിക്കാനും എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നതായി കരാർ ഒപ്പിട്ടതിന് ശേഷം സൗദി കിരീടവകാശി പറഞ്ഞു. സൗദി ന്യൂക്ലിയർ ആൻഡ് റേഡിയോളജിക്കൽ റെഗുലേറ്ററി കമീഷനും ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റെും തമ്മിൽ, ആണവ സുരക്ഷയും വികിരണ സംരക്ഷണവുമടക്കം വിവിധ വിഷയങ്ങളിലെ നിരവധി ധാരണപത്രങ്ങളിൽ ഇരു രാജ്യങ്ങളിലേയും മന്ത്രിമാർ ഒപ്പുവെച്ചു.
അമീർ സഊദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ അക്കാദമി ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും തമ്മിലുള്ള സഹകരണം, ഇരട്ട നികുതി ഒഴിവാക്കൽ, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, സുസ്ഥിര വികസനം, സാമൂഹിക വികസനം, ഗതാഗതം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വേറെയും അനവധി കരാറുകളിൽ ഒപ്പിട്ടു.
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്ന ഈ കരാറുകൾ ഗൾഫ് മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സൗദി-ബഹ്റൈൻ ഏകോപന സമിതി യോഗത്തിൽ ഇരു രാജ്യങ്ങളുടേയും ഭരണത്തലവന്മാർക്കൊപ്പം വിവിധ വകുപ്പ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ എന്നിവരുടെ നിർദേശങ്ങൾക്കനുസൃതമായി ഇരു രാജ്യങ്ങളടേയും ജനങ്ങളെ ഒന്നിപ്പിക്കുന്ന കരാറുകളാണ് കൗൺസിലിൽ അവതരിപ്പിക്കപ്പെട്ടത്.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വാഗതം ചെയ്തുകൊണ്ടാണ് കൗൺസിൽ യോഗത്തിന് തുടക്കിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെയും പരസ്പര സഹകരണത്തേയും അദ്ദേഹം പ്രശംസിച്ചു. ബഹ്‌റൈൻ സന്ദർശിക്കുന്നതിലും ഹമദ് രാജാവും കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുന്നതിലും അമീർ മുഹമ്മദ് ബിൻ സൽമാൻ സന്തോഷം പ്രകടിപ്പിച്ചു. എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുമുള്ള സൽമാൻ രാജാവിന്റെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു പ്രഖ്യാപിച്ചു.
കൗൺസിൽ യോഗത്തിന്റെ സമാപനത്തിൽ, ഊഷ്മളമായ സ്വീകരണത്തിനും മികച്ച സംഘാടനത്തിനും സൗദി കിരീടാവകാശി നന്ദി അറിയിച്ചു. സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും വിശിഷ്ടമായ ഉഭയകക്ഷി പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലും സുരക്ഷയും സമൃദ്ധിയും നിലനിൽക്കാനുള്ള ആശംസകൾ പരസ്പരം നേർന്നു. കൗൺസിലിന്റെ പ്രവർത്തനങ്ങളെ ക്രിയാത്മകമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാ കൗൺസിൽ അംഗങ്ങൾക്കും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും ജനറൽ സെക്രട്ടേറിയറ്റിനും വർക്കിങ് ഗ്രൂപ്പുകൾക്കും അവർ നന്ദി പറഞ്ഞു. സൗദി-ബഹ്റൈൻ ഏകോപന കൗൺസിലിന്റെ അഞ്ചാമത് യോഗം സൗദി അറേബ്യയിൽ നടക്കും. തീയതി കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് വഴി തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.