വ്യാഴാഴ്ച ന്യൂഡൽഹിയിലെത്തിയ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറിനെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വരവേറ്റപ്പോൾ
റിയാദ്: കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരവാദികൾ നടത്തിയ ആക്രമണത്തിന് ശേഷം രൂക്ഷമായ ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ സൗദി അറേബ്യയുടെ സുപ്രധാന ഇടപെടൽ. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ന്യൂഡൽഹിയിലും ഇസ്ലാമാബാദിലും അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.
മെയ് എട്ട്, ഒമ്പത് തീയതികളിെല ഈ സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പാകിസ്താൻ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദറുമായും നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും സംഘർഷം ലഘൂകരിക്കുന്നതിനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കുന്നതിനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനുമുള്ള രാജ്യത്തിെൻറ ശ്രമങ്ങളുടെ ഭാഗമാണെന്ന് ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ആദിൽ അൽ ജുബൈറുമായി ‘നല്ല കൂടിക്കാഴ്ച’യാണ് നടത്തിയതെന്നും ‘ഭീകരതയെ ശക്തമായി നേരിടുന്നതിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും’ എസ്. ജയശങ്കർ എക്‌സ് പോസ്റ്റിൽ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
ഇസ്ലാമാബാദ് സന്ദർശനത്തിെൻറ ഉദ്ദേശ്യം പാകിസ്താൻ സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ സംഘർഷത്തിലും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളിലുമാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമം സൗദി അറേബ്യയുടെ ഭാഗത്തുനിന്ന് തുടരും എന്നാണ് ലഭിക്കുന്ന സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.