റിയാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ വെടിനിർത്തലിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഈ കരാർ മേഖലയിലെ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിലേക്ക് നയിക്കുമെന്ന് സൗദി ഭരണ നേതൃത്വത്തിന് വേണ്ടി വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വിവേകത്തോടും ആത്മനിയന്ത്രണത്തോടും ഇരുകക്ഷികളും പുലർത്തിയ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു.
ഈ കാര്യത്തിൽ നല്ല അയൽപക്കത്തിെൻറ തത്വങ്ങളെ അടിസ്ഥാനമാക്കി ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും കൈവരിക്കുന്ന രീതിയിൽ സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കാൻ നടത്തുന്ന ഏത് ശ്രമത്തിനും സൗദി അറേബ്യയുടെ പിന്തുണയുണ്ടാവുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇസ്ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കണമെന്ന ഉൽക്കടമായ ആഗ്രഹത്തോടെ ഇന്ത്യയുമായുള്ള വെടിനിർത്തൽ ചർച്ചകളിൽ സൗദി അറേബ്യ പങ്കെടുത്തെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ സ്ഥിരീകരിച്ചു. ദിവസങ്ങൾ നീണ്ട സംഘർഷത്തിനുശേഷം രണ്ട് ആണവ രാജ്യങ്ങൾക്കിടയിൽ വെടിനിർത്തൽ സജീവമാക്കുന്നതിലേക്ക് നയിച്ചത് പ്രതിസന്ധിയിൽ മധ്യസ്ഥത വഹിക്കാനുള്ള സൗദി അറേബ്യയുടെ പങ്ക് എടുത്തുകാണിക്കുന്നതാണെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനും ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദർ എന്നിവരുമായി ശനിയാഴ്ച ഫോണിൽ ചർച്ച നടത്തിയിരുന്നു. കൂടാതെ സംഘർഷങ്ങൾ ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും എല്ലാ തർക്കങ്ങളും പരിഹരിക്കാനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായിസൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ മെയ് എട്ട്, ഒമ്പത് തീയതികളിൽ ന്യൂഡൽഹിയും ഇസ്ലാമാബാദും സന്ദർശിക്കുകയും അതത് മന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.