ജിദ്ദ: ജോലി അന്വേഷിച്ചെത്തിയ മലയാളി യുവാവ് മറ്റൊരു പ്രവാസിയുടെ പണവും പാസ്‌പോർട്ടും കവർന്ന് മുങ്ങി. ജിദ്ദയിലെ അൽജാമിഅയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മലപ്പുറം സ്വദേശിയായ പ്രവാസി നടത്തുന്ന സംരംഭത്തിൽ ജോലിക്ക് എത്തിയതായിരുന്നു യുവാവ്. അയാൾക്ക് തന്നോടൊപ്പം തന്നെ താമസ സൗകര്യവും നൽകി. എന്നാൽ രണ്ടാം ദിവസം 10,000 റിയാലും പാസ്പോർട്ടു കവർന്ന് യുവാവ് അവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നുമില്ല. മൊബൈൽ ഫോൺ ഒാഫാക്കിയ നിലയിലാണ്.
ജോലിക്ക് ചേർന്ന് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നതിനാൽ ഇഖാമയുടെ കോപ്പിയും മറ്റും വാങ്ങാനും സാധിച്ചിരുന്നില്ല. ഉബൈദ് എന്നാണ് ഈ യുവാവിെൻറ പേരെന്നും മലപ്പുറം ഏ.ആർ. നഗർ യാറത്തുംപടി സ്വദേശിയാണെന്നും പറയപ്പെടുന്നു. യുവാവിെൻറ ഫോട്ടോ ജിദ്ദ പ്രവാസികൾക്കിടയിലെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. സമാന രീതിയിൽ ഇയാൾ മറ്റു പല സ്ഥലങ്ങളിലും ഇതുപോലെ മോഷണം നടത്തിയതായി വിവിധ ആളുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. യുവാവിനെ എങ്ങനെയെങ്കിലും കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനാണ് പണവും പാസ്‌പോർട്ടും നഷ്ടപ്പെട്ട പ്രവാസിയുടെയും സുഹൃത്തുക്കളുടെയും ശ്രമം.
പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അതിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ച് ജോലിക്ക് തയാറാണെന്ന് അറിയിക്കുകയും ജോലി നൽകുന്നവരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു മുങ്ങുകയും ചെയ്യുന്ന ചില മലയാളി യുവാക്കളുടെ രീതികളെക്കുറിച്ച് നേരത്തെ ‘ഗൾഫ് മാധ്യമം’ മുന്നറിയിപ്പ് നൽകിയിരുന്നു. റൂമിൽ പുതുതായി താമസിക്കാനെത്തുന്നവരായാലും പുതിയ ജോലിക്കെത്തുന്നവരായാലും അവരിൽ നിന്നെല്ലാം ഇഖാമ കോപ്പിയും പാസ്പോർട്ട് കോപ്പിയും വാങ്ങി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.