ജീസാൻ: മേഖലയിൽ അപായസാഹചര്യം കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നിർദേശം നൽകി അധികൃതർ. ദേശീയ മുൻകൂട്ടി മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചതായി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായും പാലിക്കാൻ ദേശീയ പ്ലാറ്റ്‌ഫോം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദേശീയ പ്ലാറ്റ്‌ഫോമിൽനിന്ന് അപായസന്ദേശം ലഭിച്ചാലുടൻ പൊതുജനങ്ങൾ ഒട്ടും വൈകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും അപകടസാഹചര്യം പൂർണമായി ഒഴിയുന്നതുവരെ അവിടെത്തന്നെ തുടരണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യത്തിൽ വീടുകൾക്കോ കെട്ടിടങ്ങൾക്കോ പുറത്തിറങ്ങരുത്. തുറസ്സായ സ്ഥലങ്ങൾ, മേൽക്കൂരകൾ, ജനലുകൾ എന്നിവയിൽനിന്ന് അകലം പാലിക്കേണ്ടതാണ്. അപകടസാധ്യതയുള്ള മേഖലകളിൽ കൂട്ടംകൂടുന്നതും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതും പൂർണമായി ഒഴിവാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
വാഹനമോടിക്കുമ്പോഴാണ് മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നതെങ്കിൽ, ഫ്ലൈഓവറുകൾ, പാലങ്ങൾ, ഉയരമുള്ള കെട്ടിടങ്ങൾ എന്നിവയിൽ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് വാഹനം നിർത്തിയിടണം. തുടർന്ന് ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ കൃത്യമായി പിന്തുടരേണ്ടതാണെന്നും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെട്ട അധികാരികളെ ഉടൻ ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.