സൗദി അറേബ്യയിൽ സുസ്ഥിര വനപരിപാലന പദ്ധതിക്ക് തുടക്കം കുറിച്ച ചടങ്ങിൽനിന്ന്
റിയാദ്: സൗദി അറേബ്യയിൽ രാജ്യത്തെ ആദ്യത്തെ ദേശീയ സുസ്ഥിര വനപരിപാലന പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയ ഉപമന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽമുശൈതിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദേശീയ വനവൽക്കരണ മരുഭൂവൽക്കരണ വിരുദ്ധ കേന്ദ്രവും അൽമുറൂജ് ഫൗണ്ടേഷനും തമ്മിൽ പദ്ധതിക്കായുള്ള തന്ത്രപ്രധാന കരാർ ഒപ്പിട്ടു.
നാല് കോടി റിയാൽ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ സർക്കാർ മേഖല, ലാഭേച്ഛയില്ലാത്ത ഫൗണ്ടേഷനുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കുക. പരമ്പരാഗത സംരക്ഷണ രീതികളിൽനിന്ന് മാറി വനങ്ങളെ കൂടുതൽ സമഗ്രവും സുസ്ഥിരവുമായ മാനേജ്‌മെൻറിലേക്ക് ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രകൃതിദത്തവും സാമ്പത്തികവും സാമൂഹികവുമായ മൂല്യങ്ങൾ നിലനിർത്തി പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ വനങ്ങളെ സജ്ജമാക്കുക, നാശോന്മുഖമായ പ്രദേശങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പ്രാദേശിക പാരിസ്ഥിതിക പ്രത്യേകതകൾ പഠിച്ച് അനുയോജ്യമായ ആധുനിക സാങ്കേതികവിദ്യകൾ പദ്ധതിയൂടെ ഭാഗമായി ഉപയോഗപ്പെടുത്തും.
ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്), റിമോട്ട് സെൻസിങ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള ദീർഘകാല ആസൂത്രണവും പഠനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കാട്ടുതീ പ്രതിരോധം, നിരീക്ഷണം, ദുരന്തനിവാരണം, പുനരധിവാസം എന്നിവയ്ക്കായുള്ള പ്രത്യേക സംവിധാനങ്ങളും സജ്ജമാക്കും.
പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ പൊതുജന പങ്കാളിത്തവും ലാഭേച്ഛയില്ലാത്ത മേഖലയുടെ സഹകരണവും ഉറപ്പാക്കുന്ന പുതിയ നയത്തിെൻറ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി. സുസ്ഥിര വനപരിപാലന രംഗത്ത് അൽ മുറൂജ് ഫൗണ്ടേഷെൻറ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നത് വനസംരക്ഷണ ശ്രമങ്ങൾക്ക് പുതിയ കരുത്ത് പകരുമെന്ന് ഉപമന്ത്രി എൻജി. മൻസൂർ ബിൻ ഹിലാൽ അൽമുശൈതി പറഞ്ഞു.
രാജ്യത്തിെൻറ പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ വികസനത്തിനും വിവിധ മേഖലകളുടെ സംയോജിത പ്രവർത്തനം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.