റിയാദ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സൗദിയിൽ ജ്യൂസ് കടകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ജ്യൂസ് തയ്യാറാക്കൽ, വിളമ്പൽ, പഴങ്ങളും മറ്റ് വസ്തുക്കളും സംഭരിച്ച് സൂക്ഷിക്കൽ എന്നിവയുടെ കാര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് മന്ത്രാലയം പുതിയ നിയമാവലി രൂപപ്പെടുത്തിയത്. ഉൽപന്നങ്ങളുടെ നിലവാരം ഉയർത്തി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ എല്ലാത്തരം ജ്യൂസ് കടകൾക്കും ബൂത്തുകൾക്കും (കിയോസ്കുകൾ) മാനദണ്ഡങ്ങൾ ബാധകമാണ്.
അംഗീകൃത വാണിജ്യ കേന്ദ്രങ്ങൾക്കോ മാളുകൾക്കോ ഉള്ളിൽ, വാണിജ്യപ്രവർത്തനങ്ങൾക്ക് അനുവദിക്കപ്പെട്ട തെരുവുകളിൽ, അംഗീകൃത കേന്ദ്രങ്ങളിലോ ആയിരിക്കണം ജ്യൂസ് കടകളും ബൂത്തുകളും പ്രവർത്തിപ്പിക്കേണ്ടത്. വാണിജ്യ കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങൾക്കോ ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾക്കോ സമീപം ജ്യൂസ് ബൂത്തുകൾ സ്ഥാപിക്കാൻ പാടില്ല. ഇത്തരം സ്ഥലങ്ങളിൽനിന്ന് കുറഞ്ഞത് ആറ് മീറ്റർ അകലെയായിരിക്കണം. അതേസമയം മുനിസിപ്പാലിറ്റിയുടെ അനുവാദം വാങ്ങി മാളുകളുടെ പാർക്കിങ് ഏരിയയിൽൽ ബൂത്തുകൾ സ്ഥാപിക്കാം.
കടക്കുള്ളിൽ ജ്യൂസ് തയ്യാറാക്കാൻ പ്രത്യേക സ്ഥലം, സെർവിങ് ഏരിയ, സ്റ്റോറേജ് ഏരിയ എന്നിവ നിർബന്ധമായും ഉണ്ടാവണം. അതുപോലെ ജ്യൂസുകളുടെയും ചേരുവകളുടെയും വിവരങ്ങൾ ലിസ്റ്റാക്കി കടയിൽ പ്രദർശിപ്പിക്കണം. തയ്യാറാക്കിയ തീയതിയും കാണിക്കണം. റഫ്രിജറേഷൻ വ്യവസ്ഥകളും പാലിക്കണം. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും പാലിക്കണം. ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം കടയിലുണ്ടായിരിക്കണം. ആരോഗ്യകരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ സാമഗ്രികൾ സ്ഥാപനത്തിനുള്ളിൽ പ്രദർശിപ്പിക്കണം തുടങ്ങിയ നിരവധി നിബന്ധനകളാണ് പുതിയ വ്യവസ്ഥകളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.