റിയാദ്: ഉറങ്ങിക്കിടന്ന സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശി പൗരന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. ദഹാൻ മിയ റുക്നുദ്ദീൻ എന്നയാളെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖസീം പ്രവിശ്യയിലാണ് മനഃസാക്ഷിയെ നടുക്കിയ ഈ കൊലപാതകം നടന്നത്.
പ്രതിയായ ദഹാൻ മിയ റുക്നുദ്ദീൻ, തെൻറ സഹോദരൻ അലാമിനെ ഉറങ്ങിക്കിടക്കുമ്പോൾ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അലാം മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന പ്രതിയെ പിടികൂടി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി തെളിയുകയും കേസ് കോടതിയിലേക്ക് കൈമാറുകയും ചെയ്തു.
സഹോദരൻ എന്ന നിലയിലുള്ള വിശ്വാസത്തെ വഞ്ചിച്ചും ചതിയിലൂടെയുമാണ് ഉറങ്ങിക്കിടന്ന വ്യക്തിയെ കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ പ്രതിക്ക് വധശിക്ഷ നൽകാൻ പ്രത്യേക കോടതി ഉത്തരവിട്ടു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. ഇതിനുപിന്നാലെ വിധി നടപ്പാക്കാൻ രാജകൽപ്പന പുറപ്പെടുവിച്ചു.
രാജ്യത്ത് സുരക്ഷ നിലനിർത്തുന്നതിനും നീതി നടപ്പാക്കുന്നതിനും സൗദി അറേബ്യൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്‌ലാമിക നിയമങ്ങൾ ലംഘിച്ച് നിരപരാധികളുടെ രക്തം ചിന്തുന്നവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത് ശക്തമായ മുന്നറിയിപ്പാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.