സൗദിയിലെ പുതിയ കോവിഡ് കേസുകളിൽ 75 ശതമാനവും നിയന്ത്രണങ്ങൾ പാലിക്കാത്തതുകൊണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ജിദ്ദ: സൗദിയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ 75 ശതമാനവും ആളുകളുടെ തെറ്റായ പെരുമാറ്റവും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളും കൊണ്ടാണെന്ന് അസിസ്റ്റന്റ് ആരോഗ്യമന്ത്രിയും ആരോഗ്യ മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു. രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകൾ വിവരിക്കാനായി നടത്താറുള്ള പതിവ് വാർത്താസമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി മാസത്തിന്റെ ആദ്യത്തിൽ ദിനംപ്രതി വന്ന പുതിയ കേസുകളുടെ എണ്ണത്തേക്കാൾ 200 ഇരട്ടി വർദ്ധനവാണ് നിലവിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. ധാരാളം ആളുകൾ ഒരുമിച്ചുകൂടുന്ന കുടുംബ പരിപാടികളിലൂടെയോ കല്യാണപാർട്ടികളിലൂടെയോ ആണ് കേസുകൾ വർദ്ധിക്കുന്നത്. പകർച്ചവ്യാധി ഇത്രയധികം വ്യാപിച്ച സാഹചര്യങ്ങളിലും ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ പരസ്പരം കൈ കുലുക്കുക, മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവയാണ് ഇത്തരം കൂടിച്ചേരലുകളിൽ കാണുന്നത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും കേസുകൾ വീണ്ടും വ്യാപിക്കുന്നതായി ഒരാഴ്ചത്തെ കണക്കുകളുടെ പ്രദേശം തിരിച്ച മാപ്പ് പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ചകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിവരുന്നതോടൊപ്പം തന്നെ ചികിത്സയിലുള്ളവരിൽ ഗുരുതരാസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചിട്ടിട്ടുണ്ട്. ജനുവരി പകുതി ഉണ്ടായിരുന്നതിനേക്കാൾ 20 ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഈ സൂചകങ്ങളെല്ലാം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടുതൽ ജാഗ്രതയോടെ ഓരോരുത്തരും സ്വന്തം ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും അപകടത്തിലാക്കാതിരിക്കേണ്ടതിന് ഏറെ പ്രാധാന്യമുണ്ട്.

കോവിഡ് വാക്സിനേഷൻ എടുക്കുന്നവരിലും വൈറസ് ബാധ ഉണ്ടാകാമെന്നും വാക്സിനേഷൻ അവരുടെ പ്രതിരോധത്തെ വര്ധിപ്പിക്കുമെന്നതും രോഗം വരുന്നത് ഒരു പരിധിവരെ തടയുമെന്നതല്ലാതെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാനാകില്ലെന്നും ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി പറഞ്ഞു. വാക്സിനുകൾ രോഗത്തെ എത്രമാത്രം തടയുമെന്നതോ മറ്റുള്ളവരിലേക്ക് രോഗം പടർത്തുന്നത് എത്രമാത്രം തടയുമെന്നതോ ഇപ്പോൾ പറയാനാകില്ല. അംഗീകൃത വാക്സിൻ രണ്ട് ഡോസുകൾ പൂർത്തിയാക്കുന്നതോടെ കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നത് നിർത്താൻ പാടില്ലെന്നും നിലവിലെ നിയമങ്ങൾ വാക്സിൻ എടുത്തവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.