ടൂറിസ്റ്റുകൾ സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ
യാംബു: ടൂറിസം മേഖലയിൽ റെക്കോഡ് മറികടന്ന് സൗദി അറേബ്യ. അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണം, അവർ രാജ്യത്ത് ചെലവിടുന്ന പണം എന്നിവയിലാണ് വർധന രേഖപ്പെടുത്തിയത്. 2025ലെ ആദ്യ മൂന്നുമാസത്തിനിടെ ടൂറിസ്റ്റുകളുടെ ചെലവഴിക്കലിൽ റെക്കോഡ് വളർച്ചയാണ് കൈവരിച്ചത്.
സന്ദർശകർ ഈ കാലയളവിൽ തന്നെ 4,940 കോടി റിയാൽ രാജ്യത്ത് ചെലവഴിച്ചതായാണ് കണക്ക്. ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച മേയ് മാസത്തെ പേയ്മെൻറ് ബാലൻസിലെ യാത്രായിനത്തിലെ ഡേറ്റ പ്രകാരം 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കണക്ക് 9.7 ശതമാനം വളർച്ചയെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ രാജ്യം 2,680 കോടി റിയാലായി കണക്കാക്കപ്പെടുന്ന പേമെൻറ് ബാലൻസിെൻറ യാത്രായിനത്തിൽ മിച്ചം കൈവരിച്ചു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 11.7 ശതമാനം വളർച്ച നിരക്കാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ വർഷത്തെ ആദ്യ പാദത്തിൽ പേമെൻറ് ബാലൻസിൽ യാത്രാമിച്ചത്തിൽ ഉണ്ടായ ഗണ്യമായ വളർച്ച ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും ആക്കംകൂട്ടി. സൗദി ടൂറിസം സംവിധാനത്തിന്റെ മറ്റു ഘടകങ്ങൾ നൽകിയ സംഭാവനകളും നേട്ടത്തിന് വഴിവെച്ചതായി മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തെ ടൂറിസം മേഖല സാക്ഷ്യം വഹിക്കുന്ന വികസനത്തെയും നേട്ടം അടിവരയിടുന്നു.
മികച്ച ടൂറിസം വികസന രീതികൾ പ്രയോഗിക്കുന്നതിലൂടെയും ടൂറിസം സേവനങ്ങളുടെയും ഉൽപന്നങ്ങളുടെയും പുരോഗതിയിലൂടെയും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനും സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വഴിവെച്ചു. സൗദിയുടെ വൈവിധ്യമാർന്ന ടൂറിസം സംവിധാനങ്ങളിലും അവയുടെ ഗുണനിലവാരത്തിലും വിദേശസഞ്ചാരികളുടെ വിശ്വാസം വർധിച്ചതാണ് ടൂറിസ്റ്റുകളുടെ വരവ് വർധിക്കാൻ കാരണം.
കഴിഞ്ഞ വർഷം രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ചയുടെ കാര്യത്തിൽ ജി 20 രാജ്യങ്ങളിൽ സൗദി ഒന്നാമതെത്തിയതും ടൂറിസം മേഖലയിലെ നേട്ടമായി വിലയിരുത്തുന്നു. എല്ലാ സർക്കാർ ഏജൻസികളുടെയും സംയുക്തമായ സഹകരണം രാജ്യത്തെ ആഗോളതലത്തിൽ മികച്ച സ്ഥാനം കൈവരിക്കാൻ വഴിവെച്ചതായും ടൂറിസം മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.