അടിമുടി മാറ്റങ്ങളോടെ സൗദി എയർലൈൻസ്; ലോഗോ, കാബിന്‍ ക്രൂ യൂനിഫോം തുടങ്ങിയവയും മാറും

ജിദ്ദ: സൗദി എയർലൈൻസിന്​ പുതിയ ​ലോഗോ. ജിദ്ദയിൽ നടന്ന പരിപാടിയിലാണ് സൗദി എയർലൈൻസ് അതിന്റെ പുതിയ ദൃശ്യ ലോഗോ പുറത്തിറക്കിയത്. 1980കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​ ചെറിയ പരിഷ്​കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ്​ പുതിയ ലോഗോ. രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ്​ അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായ പതാകയുടെ നിറം ഉൾക്കൊള്ളുന്ന പച്ച, സൗദിയുടെ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിന്റെ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിന്റെ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുടച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ്​ പുതിയ ​ലോഗോ.

വിമാനത്തിലെ ജോലിക്കാർ​ക്ക്​ സവിശേഷമായ സൗദി സ്വഭാവത്തോടെ രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോമും പുറത്തിറക്കി. ആതിഥ്യ മര്യാദയുടെ ശൈലിയിലും മാറ്റമുണ്ടാകും. രാജ്യത്ത്​ ധാരാളമുള്ള ഏറ്റവും മികച്ച ഈത്തപ്പഴങ്ങളും ഉയർന്ന നിലവാരമുള്ള സൗദി കഹ്​വയും യാത്രക്കാർക്ക്​ നൽകും. ദേശീയ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിനാണിത്​. ഭക്ഷണത്തിൽ രാജ്യത്തെ ഉൽപാദിപ്പിക്കുന്ന വസ്തുക്കളായിരിക്കും ഉപയോഗപ്പെടുത്തുക. സൗദിയുടെ​ സംസ്കാരത്തിലും ദേശീയ സ്വത്വത്തിലും ഉള്ള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും വിമാനത്തിനുള്ളിലെ ഭക്ഷണ മെനുകൾ. സൗദി സ്വഭാവം കൊണ്ട് സവിശേഷമായ 40ലധികം തരത്തിലുള്ള സൗദി ഭക്ഷണങ്ങൾ ഇതിലുൾപ്പെടുന്നു. യാത്രക്കാർക്ക്​ രാജ്യത്തി​ന്റെ വിവിധ പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യത്തെക്കുറിച്ച് പരിചയപ്പെടുത്തുകയാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ഒരു കൂട്ടം പരമ്പരാഗത സുഗന്ധമുള്ള ടിഷ്യുകളും പുറത്തിറക്കി. അതിഥി കാബിനുകൾ സൗദിയയുടെ ലോഗോയെ പ്രതിഫലിപ്പിക്കുന്ന പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായിരിക്കും. സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും.​ വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങളെ സമ്പന്നമാക്കുന്ന സംഗീത ട്യൂണുകൾ സൗദിയിലെ സംഗീതോപകരണങ്ങൾ ഉപയോഗിച്ചായിരിക്കും.

അതിഥി സേവന സംവിധാനത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്​. പുതിയ ലോഗോ അവതരിപ്പിക്കുന്ന അവസരത്തിൽ ഡിജിറ്റൽ പരിവർത്തന പദ്ധതിക്കുള്ളിൽ സംരംഭങ്ങളുടെ വലിയൊരു പാക്കേജിന്റെ പ്രഖ്യാപനത്തിനാണ്​ സാക്ഷ്യം വഹിച്ചത്​. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച്​ 'സൗദിയ' എന്ന പേരിൽ വെർച്വൽ അസിസ്റ്റൻറായുള്ള പ്രവർത്തനങ്ങളോടെയാണ്​ പുതുയുഗത്തിന്​ തുടക്കമിടുന്നത്​​. മേഖലയിൽ ഇത്തരത്തിൽ ഇത്​ ആദ്യത്തേതായിരിക്കും​. രേഖാമൂലവും വോയ്‌സ് ചാറ്റും വഴി എല്ലാ ബുക്കിങ്​, ഫ്ലൈറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ഇത് യാത്രക്കാരെ പ്രാപ്‌തമാക്കും.

ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സർക്കാർ ടിക്കറ്റുകൾ എളുപ്പത്തിൽ നൽകാൻ സർക്കാർ, പൊതുമേഖലയെ പ്രാപ്തമാക്കുന്ന ഇലക്ട്രോണിക് വാലറ്റ് സേവനവും ആരംഭിക്കുന്നു​. ‘അൽഫുർസാൻ’ പ്രോഗ്രാം പ്രവർത്തനങ്ങളുടെയും സവിശേഷതകളുടെയും ഡിജിറ്റൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. വ്യത്യസ്‌ത പ്രവർത്തന സാഹചര്യങ്ങൾക്ക് അനുയോജ്യമായ ദ്രുത പരിഹാരങ്ങളും ഓപ്ഷനുകളും പ്രദാനം ചെയ്യുന്ന നൂതന ഡിജിറ്റൽ സംവിധാനങ്ങളും സൗദി എയർലൈൻസ്​ അവതരിപ്പിച്ചു. വേഗത, കൃത്യത, ഗുണനിലവാരം, പ്രവർത്തന ചെലവ് എന്നിവയ്ക്ക് സഹായിക്കുന്നതാണിത്​. സൗദി എയർലൈൻസിന്റെ പുതിയ യുഗം ആരംഭിക്കുന്നതിനുള്ള തീയതിയായി സെപ്റ്റംബർ 30​ തെരഞ്ഞെടുത്തത്​ അബ്​ദുൽ അസീസ് രാജാവിന്റെ ആദ്യ വിമാന യാത്ര വാർഷികത്തോടനുബന്ധിച്ചാണ്​. 1945 സെപ്​റ്റംബർ 30 നാണ്​ അഫീഫിൽ നിന്ന് ത്വാഇഫിലേക്ക് സൗദിയുടെ ഡിസി-3 വിമാനത്തിൽ അബ്​ദുൽ അസീസ്​ രാജാവ്​ യാത്ര ചെയ്​തത്​.

സൗദി എയർലൈൻസ്​ പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണ് - എൻജിനീയർ ഇബ്രാഹിം ബിൻ അബ്​ദുറഹ്​മാൻ അൽ ഉമർ

ജിദ്ദ: സൗദി എയർലൈൻസ്​ പുതിയ യുഗത്തിനും വ്യതിരിക്തമായ ഘട്ടത്തിനും സാക്ഷ്യം വഹിക്കുകയാണെന്ന്​ സൗദി ഗ്രൂപ്പ് ഡയറക്ടർ ജനറൽ എൻജിനീയർ ഇബ്രാഹിം ബിൻ അബ്​ദുറഹ്​മാൻ അൽ ഉമർ പറഞ്ഞു.

ഒരു വിമാനത്തിൽ നിന്നാണ് അത്​ ആരംഭിച്ചത്. ഇപ്പോൾ 140 വിമാനങ്ങൾ കവിഞ്ഞു. അത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള നാല്​ ഭൂഖണ്ഡങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നു. മേഖലയിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായി അത്​ മാറി. ‘സൗദിയ’ എന്ന പേരും ലോഗോയും വ്യോമയാന ചരിത്രത്തിന്റെയും രാജ്യത്തിന്റെ വികസനത്തിന്റെയും ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് സൗദിയയുമായി പ്രത്യേകിച്ച്​ അതി​ന്റെ ലോഗോയോട്​ നല്ല വൈകാരികതയാണ്​. അതിനാൽ സമ്പന്നമായ പൈതൃകത്തെ ഞങ്ങളുടെ പുതിയ ലോഗോയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ അതിൽ കൂട്ടിച്ചേർത്തിരിക്കുന്നു. ഇത്​ ലോകമെമ്പാടുമുള്ള അതിഥികളിൽ അവിസ്മരണീയമായ മതിപ്പ് സൃഷ്​ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Saudi Airlines with drastic changes; Logo, cabin crew uniform etc will also change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.