അബൂബക്കർ ഹാജി ബ്ലാത്തൂർ, എസ്.കെ. ഹംസ ഹാജി
റിയാദ്: സമസ്ത പ്രവാസി സെൽ കണ്ണൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പാലത്തായി മൊയ്തു ഹാജി സ്മാരക പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. റിയാദിൽ ദീർഘകാലമായി പ്രവാസിയായ അബൂബക്കർ ഹാജി ബ്ലാത്തൂരിനും ദുബൈയിലെ ദീർഘകാലത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ എസ്.കെ. ഹംസ ഹാജിക്കും അവാർഡുകൾ സമ്മാനിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
ദീർഘകാലം ഗൾഫിൽ സേവനം അനുഷ്ഠിച്ചിരുന്ന സമസ്ത പ്രവാസി സെൽ സംസ്ഥാന ട്രഷറർ കൂടിയായിരുന്ന പാലത്തായി മൊയ്തുഹാജിയുടെ പേരിലുള്ളതാണ് ഈ അവാർഡ്. ഗൾഫിൽ മികച്ച സേവനം കാഴ്ചവെച്ച് നാട്ടിൽ തിരിച്ചെത്തിയവരിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിക്കുള്ള അവാർഡാണ് എസ്.കെ. ഹംസ ഹാജിക്ക് നൽകുന്നത്.
ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ സേവനം ചെയ്യുന്നതോടൊപ്പം നാട്ടിലെ സാമൂഹിക സേവന രംഗത്തുള്ളവരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്കുള്ള അവാർഡാണ് റിയാദിലുൾപ്പെടെ സാമൂഹിക സാംസ്കാരിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന അബൂബക്കർ ഹാജി ബ്ലാത്തൂരിന് നൽകുന്നത്.
അവാർഡ് പ്രഖ്യാപനത്തിനായി ചേർന്ന യോഗത്തിൽ അസ്ലം അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.കെ. മുഹമ്മദ് സ്വാഗതവും റഫീഖ് എടയന്നൂർ നന്ദിയും പറഞ്ഞു. ഒ.പി. മൂസാൻ ഹാജി, അബ്ദുൽ ബാഖി, മൊയ്‌ദു നിസാമി, ബുഷർ തളിപ്പറമ്പ്, റസാഖ് ഹാജി പാനൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.