റിയാദ്: കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിട്രേയ്സ് ഇന്നൊവേറ്റിവ് മൂവ്മെൻറ് ഫോർ വിമെൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് റിയാദ് കെ.എം.സി.സി വനിത വിങ് സാമ്പത്തിക സഹായം നൽകി. വനിതകൾക്ക് വേണ്ടി വനിതകൾ തന്നെ നടത്തുന്ന സ്ഥാപനം കഴിഞ്ഞ ഏഴ് വർഷമായി നല്ല പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. ധാർമിക ബോധവും ഇസ്ലാമിക മൂല്യങ്ങളുമുള്ള വനിതകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി വിപുലമായ വിദ്യാഭ്യാസ പദ്ധതികളാണ് റിട്രേയ്സിന് കീഴിൽ നടക്കുന്നത്. ഏഴ് വയസ്സുള്ള കുട്ടികൾ മുതൽ 70 വയസ്സുള്ള സ്ത്രീകൾക്ക് വരെ ഏറ്റവും സൗകര്യപ്രദമായി വിവിധ വിഷയങ്ങളിൽ പഠനം നടത്താനുള്ള കോഴ്സുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന സ്ഥാപനത്തിൽ കിഡ്സ് കോഴ്സുകൾ, ടീനേജ് കോഴ്സുകൾ, പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കോഴ്സുകൾ, ഖുർആൻ പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂഷൻ, വിവിധ ഭാഷാപഠനം തുടങ്ങിയ കോഴ്സുകൾ ഓൺലൈനിൽ പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. റിയാദ് വനിതാ കെ.എം.സി.സിയുടെ സാമ്പത്തിക സഹായം ജനറൽ സെക്രട്ടറി ജസീല മൂസ റിട്രേയ്സ് ഡയറക്ടറായ റംല അമ്പലക്കടവിന് കൈമാറി. ചടങ്ങിൽ റിട്രേയ്സ് അംഗം റംല ഹംസ, വനിത വിങ് പ്രവർത്തക സമിതി അംഗം ഹസീന സൈതലവി, വി. സ്വൽഹ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.