റിയാദ്: കഴിഞ്ഞ അഞ്ചാഴ്ചകളായി റിയാദിലെ കാൽപന്തു പ്രേമികൾക്ക് ആവേശമായി അസിസ്റ്റ് അക്കാദമി (ദാറുൽ ഉബൈദ) സ്റ്റേഡിയത്തിൽ നടന്നു വരുന്ന റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) പ്രീമിയർ ലീഗ് മത്സരങ്ങൾ ഇനി രണ്ടാഴ്ച കൂടി ബാക്കി. പിന്നിട്ട എ ഡിവിഷൻ പോരാട്ടങ്ങളിൽ റിയാദിലെ മുൻനിര ഇന്ത്യൻ ഫുട്ബാൾ ക്ലബുകൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
യൂത്ത് ഇന്ത്യ സോക്കർ 13 പോയന്റുമായി മുന്നിട്ടു നിൽക്കുമ്പോൾ തൊട്ടുപിറകെ 11 പോയന്റുമായി റോയൽ ഫോക്കസ് ലൈനും റെയിൻബോ എഫ്.സിയും 10 പോയന്റുമായി അസീസിയ സോക്കറും മുന്നിട്ടു നിൽക്കുകയാണ്.ബി ഡിവിഷനിൽ ബ്ലാസ്റ്റേഴ്സ് വാഴക്കാട് 13 പോയന്റുകളുമായി മുന്നിലും 10 പോയന്റുമായി സുലൈ എഫ്.സി, ഒമ്പത് പോയന്റുമായി പ്രവാസി സോക്കർ സ്പോർട്ടിങ്, ഏഴ് പോയന്റുമായി ബ്ലാക്ക് ആൻഡ് വൈറ്റ് എന്നിവർ ഇഞ്ചോടിഞ്ചു മുന്നേറുകയാണ്.
വ്യാഴാഴ്ചകളിൽ ബി ഡിവിഷൻ കളികളും വെള്ളിയാഴ്ചകളിൽ എ ഡിവിഷൻ മത്സരങ്ങളുമാണ് നടക്കുന്നത്. അടുത്ത ആഴ്ചയോടുകൂടി പ്രീമിയർ ലീഗിന് തിരശ്ശീല വീഴും. സൗദിയിലെ റഫറി പാനലിലെ ഇന്ത്യൻ കമ്യൂണിറ്റിക്കിടയിൽ അറിയപ്പെടുന്ന അലി അൽ ഖഹ്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനലാണ് കളികൾ നിയന്ത്രിക്കുന്നത്.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ ചേലേമ്പ്ര, വൈസ് ചെയർമാൻ അബ്ദുൽകരീം പയ്യനാട്, കൺവീനർ ശറഫുദ്ദീൻ, ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട് , റിഫ സെക്രട്ടേറിയറ്റ് അംഗങ്ങൾ സൈഫു കരുളായി, ബഷീർ കാരന്തൂർ, മുസ്തഫ കവ്വായി, കുട്ടൻ ബാബു, നൗഷാദ്, മുസ്തഫ മമ്പാട്, ഷെരീഫ് കാളികാവ്, നാസർ മാവൂർ, ഷബീർ, നജീബ്, അഷ്റഫ്, ആഷിഖ് എന്നിവരും ടൂർണമെന്റിന് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.