റിയാദ്: സൗദി അറേബ്യയുടെ കായിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് റിയാദ് മാരത്തൺ 2026-െൻറ പ്രധാന മത്സരങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു. ജനുവരി 28-ന് തുടങ്ങിയ നാല് ദിവസത്തെ ‘മാരത്തൺ ഫെസ്റ്റിവലി’െൻറ സമാപന ദിനമായ ഇന്ന് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഫഷനൽ താരങ്ങളും ആവേശഭരിതരായ പൊതുജനങ്ങളുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി കാമ്പസിലാണ് മാരത്തൺ വേദി. മത്സരാർത്ഥികൾക്കായി റിയാദ് മെട്രോ ഇന്ന് പുലർച്ചെ 5:30 മുതൽ പ്രത്യേക സർവിസുകൾ ആരംഭിച്ചിരുന്നു. 42.2 കി.മീ (ഫുൾ മാരത്തൺ), 21.1 കി.മീ (ഹാഫ് മാരത്തൺ), 10 കി.മീ, 5 കി.മീ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ആയിരക്കണക്കിന് ആളുകളാണ് ഇന്ന് വിവിധ വിഭാഗങ്ങളിലായി ഓടാൻ എത്തിയത്.
42.2 കി.മീ ഫുൾ മാരത്തൺ രാവിലെ 6.25 ന് ആരംഭിച്ചു. 20 വയസ്സിന് മുകളിലുള്ളവരാണ് ഇതിൽ പങ്കെടുത്തത്. 21.1 കി.മീ ഹാഫ് മാരത്തൺ രാവിലെ 7.45 ന് തുടങ്ങി. 18 വയസ്സിന് മുകളിലുള്ളവർ വേഗത മാറ്റുരച്ചു. 10 കി.മീ റൺ രാവിലെ 10 മുതലാണ്. 17 വയസ്സിന് മുകളിലുള്ളവർ ഇതിലോടും. അഞ്ച് കി.മീ ഫൺ റൺ രാവിലെ 11.30 മുതലാണ്. എല്ലാ വിഭാഗം ആളുകൾക്കും പങ്കെടുക്കാം.
റോഡ് നിയന്ത്രണങ്ങൾ
മാരത്തണിെൻറ ഭാഗമായി റിയാദിലെ അനസ് ഇബ്നു മാലിക് റോഡ്, ഉസ്മാൻ ഇബ്നു അഫാൻ റോഡ്, അബൂബക്കർ സിദ്ധിഖ് റോഡ്, അൽ തുമാമ റോഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചിരുന്നു.
മാരത്തൺ വില്ലേജ്
മത്സരങ്ങളിൽ പങ്കെടുക്കാത്തവർക്കും ആവേശം പങ്കിടാൻ ‘മാരത്തൺ വില്ലേജിൽ’ സൗകര്യം ഒരുക്കിയിരുന്നു. സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, ഭക്ഷണശാലകൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാന വിതരണം രാവിലെ 10:30 മുതൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.