മദീനയില്‍ കോണ്‍സുലേറ്റ് സേവന കേന്ദ്രം ഉടൻ ആരംഭിക്കും - ഇന്ത്യന്‍ കോണ്‍സുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം

ജിദ്ദ: മദീനയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോണ്‍സുലേറ്റ് സേവന കേന്ദ്രം ഉടനെ ആരംഭിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി കാലത്ത് ആരോഗ്യ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ കോൺസുൽ ജനറൽ പ്രത്യേകം എടുത്തു പറഞ്ഞു.

പ്രതിസന്ധികൾക്കിടയിലും 65,000 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ വിതരണം ചെയ്തു. മക്ക, ത്വാഇഫ്, അല്‍ബഹ, അബ്ഹ, നജ്‌റാന്‍, ജിസാന്‍, തബൂക്, യാംബു എന്നിവിടങ്ങളിൽ കോൺസുലർ സംഘം സന്ദർശനം നടത്തി ഇന്ത്യൻ സമൂഹത്തിന് സേവനങ്ങൾ നൽകി. കോണ്‍സുലേറ്റ് സേവനങ്ങൾ പ്രവാസി സമൂഹത്തിന് എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുന്ന ആപ്പുകള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ടെന്നും കോണ്‍സുൽ ജനറൽ അറിയിച്ചു.

കോൺസുൽ ജനറൽ ഇന്ത്യൻ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. ഇന്ത്യന്‍ പ്രസിഡന്റിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു. ഇന്ത്യൻ പതാകയുടെ നിറങ്ങളിൽ തയ്യാറാക്കിയ കേക്ക് കോൺസുൽ ജനറലിനോടൊപ്പം വിവിധ കോൺസൽമാർ ചേർന്ന് മുറിച്ചു. ജിദ്ദ ഡല്‍ഹി പബ്ലിക് സ്‌കൂൾ വിദ്യാര്‍ത്ഥിനികള്‍ ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോൺസുലേറ്റ് സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സട്ടിഫിക്കറ്റുകള്‍ ചടങ്ങിൽ വിതരണം ചെയ്തു. ജിദ്ദയിലെ വിവിധ രംഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Republic day celebration in Jeddah indian consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.