റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ടുകൾ; ആദ്യ ജാഗ്രതാനിർദേശമെത്തിയത് പുലർച്ച മൂന്നോടെ

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലും സമീപ പ്രദേശങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം ശക്തമായ പശ്ചാത്തലത്തിൽ, റിയാദിലും സമീപ നഗരമായ അൽ ഖർജിലും ശനിയാഴ്ച പുലർച്ചെ 2.58-ഓടെയാണ് സിവിൽ ഡിഫൻസിെൻറ ആദ്യ ജാഗ്രതാ നിർദേശം എത്തിയത്. തുടർന്നാണ് തലസ്ഥാന നഗരിയിൽ കുറഞ്ഞത് രണ്ട് സ്ഫോടന ശബ്ദങ്ങളെങ്കിലും കേട്ടതായി ദൃസാക്ഷികളെ ഉദ്ധരിച്ച് സൗദിയിലെ പ്രമുഖ ഇംഗ്ലീഷ് പത്രംമായ ‘അറബ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സന്ദേശം ലഭിച്ച് മിനിറ്റുകൾക്കകം ഭീഷണി ഒഴിഞ്ഞതായി അധികൃതർ അറിയിച്ചു. രാജ്യത്തിെൻറ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഫറസാൻ ദ്വീപുകളിലും സമാനമായ രീതിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് പുലർച്ചെ 5.19 ഓടെ റിയാദിലും അൽ ഖർജിലും രണ്ടാമതും ജാഗ്രതാ നിർദേശം നൽകി. 10 മിനിറ്റിലേറെ വൈകിയാണ് പ്രദേശങ്ങളിലെ അപകടസാധ്യത ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചത്.

‘പ്രദേശം ശത്രുതാപരമായ വ്യോമാക്രമണ ഭീഷണിയിലാണ്’ എന്നായിരുന്നു പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് ലഭിച്ച സന്ദേശം. സാധാരണയായി ഇത്തരം മുന്നറിയിപ്പുകൾ ഉണ്ടാകാറില്ലാത്ത റിയാദിൽ, ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നും ജാലകങ്ങളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.

വെള്ളിയാഴ്ചയും ജിദ്ദ, ത്വാഇഫ്, ഖമീസ് മുശൈത്ത്, അൽഉല എന്നിവിടങ്ങളിൽ സമാനമായ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ത്വാഇഫിൽ വച്ച് ഹൂതി ഡ്രോൺ തകർത്തതിനെ തുടർന്ന് ഉണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ഒരു യമൻ പൗരൻ കൊല്ലപ്പെടുകയും ഒരു സൗദി വനിതയ്ക്കും പാകിസ്താൻ പൗരനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

മക്കയുടെ വ്യോമാതിർത്തിക്ക് സമീപവും ദിവസങ്ങൾക്ക് മുമ്പ് ഹൂതി ഡ്രോൺ തകർത്തിരുന്നു. യമൻ തലസ്ഥാനമായ സനാഅയിൽ സൗദി അറേബ്യ നടത്തിയ നീക്കങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതും ജാഗ്രതാ നിർദേശമെത്തിയതും.

സമീപ ആഴ്ചകളിൽ സൗദിക്കെതിരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഹൂതികൾ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം മേഖലയിൽ വീണ്ടും യുദ്ധ അന്തരീക്ഷം ശക്തിപ്പെടുന്നതിെൻറ സൂചനയാണിതെന്നും എ.പി, എ.എഫ്.പി എന്നീ അന്താരാഷ്ട്ര വാർത്ത ഏജൻസികളെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - Reports of explosions heard in Riyadh; first alert issued early in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.