മിനായിൽ തമ്പുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ താമസത്തിനായി മിനായിൽ പുതിയ തമ്പുകൾ സ്ഥാപിക്കലും പഴയ തമ്പുകളുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. തീർഥാടകർക്ക് കൂടുതൽ സുഖകരമായ താമസത്തിന് നിരവധി പുതിയ തമ്പുകളാണ് ഒരുക്കുന്നത്. ശാന്തതയുടെയും ആത്മീയതയുടെയും അന്തരീക്ഷത്തിൽ ഹജ്ജ് വേളയിൽ അനായാസമായി പ്രാർഥനാനിരതമാകാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളോടും കൂടിയതാണ് മിനയിലും അറഫയിലും ഒരുക്കുന്ന പുതിയ തമ്പുകൾ.
ഇവയുടെ നിർമാണ ജോലികൾ ഏതാണ്ട് പൂർത്തിയായെങ്കിലും വേണ്ട സജ്ജീകരണവും സംവിധാനങ്ങളും ഒരുക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. ചൂട് കുറക്കാനും അഗ്നിപ്രതിരോധം നടത്താനും കഴിയുന്ന രീതിയിലാണ് പുതിയ തമ്പുകൾ നിർമിച്ചിരിക്കുന്ന. തമ്പുകളിൽ ശീതീകരണത്തിനും വൈദ്യുതി, അഗ്നിസുരക്ഷാരംഗത്തും ഏറ്റവും നൂതനവും മികച്ചതുമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. പഴയ തമ്പുകളിലെയും ശൗചാലയങ്ങളിലേയും സംവിധാനങ്ങളും സജ്ജീകരണങ്ങളും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരുകയാണ്. ഇതിനായി ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ മേഖലയിലെ സംഘങ്ങൾ സ്ഥലത്ത് അവരുടെ ശ്രമങ്ങൾ തുടരുകയാണ്. ഫീൽഡ് അഡ്മിനിസ്ട്രേറ്റീവ്, സാങ്കേതിക ടീമുകളും സ്ഥലത്തുണ്ട്.
മുനിസിപ്പാലിറ്റിക്ക് കീഴിൽ വിവിധ ഭാഗങ്ങളിലായി 28 സേവനകേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ ജോലികളും തകൃതിയായി നടന്നുവരുകയാണ്. ഇതിനായി കൂടുതൽ തൊഴിലാളികളെ നിയോഗിക്കുകയും ഇവർക്കാവശ്യമായ ഉപകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തീർഥാടകർക്ക് സേവനങ്ങൾ നൽകാൻ ഹജ്ജ് സേവന (മുത്വവ്വഫ്) സ്ഥാപനങ്ങൾ അവരുടെ ഓഫിസുകൾ ഒരുക്കുന്ന നടപടികളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.