റിയാദ്: റിയാദിൽ നടപ്പാക്കിയ വാടക നിയന്ത്രണവും സ്ഥിരതയും രാജ്യത്തെ മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നിലവിൽ പഠനങ്ങളൊന്നും നടക്കുന്നില്ലെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവ് തയ്സീർ അൽമുഫ്റജ് സ്ഥിരീകരിച്ചു. ശേഷിക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കുന്നതും വാടക സ്ഥിരപ്പെടുത്തുന്നതും സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ നഗരങ്ങളും ഗവർണറേറ്റുകളും തുടർച്ചയായ നിരീക്ഷണത്തിലാണ്. അവിടങ്ങളിലെ വിപണി സാഹചര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയുമാണ്. വിപണി മാനദണ്ഡങ്ങൾക്കും നിരീക്ഷണ സൂചകങ്ങൾക്കും അനുസൃതമായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാടകക്കാരും ഉടമകളും തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള രാജകീയ നിർദേശത്തിന് അനുസൃതമായാണ് ഈ നടപടികളെന്നും അൽമുഫ്റജ് ചൂണ്ടിക്കാട്ടി. വാടക വിലകളുടെ സ്ഥിരതയും വിപണിയിലെ ലഭ്യതയുടെയും ആവശ്യകതയുടെയും സന്തുലിതാവസ്ഥയും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ സന്തുലിതാവസ്ഥ നിലനിർത്താൻ വിപണിയെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.