???????

അഞ്ച്​​ വർഷ​െത്ത ജയിൽവാസത്തിനൊടുവിൽ അയ്യൂബിന്​ മോചനം

ദമ്മാം: തൊഴിലുടമയുമായുള്ള പ്രശ്​നത്തെ തുടർന്ന്​ നിയമക്കുരുക്കിലകപ്പെട്ട അയ്യൂബ്​ അഞ്ച്​​ വർഷ​ത്തിന്​​ ശേഷം ജയില്‍ മോചിതനായി. മലപ്പുറം കാടാമ്പുഴ സ്വദേശി തൈകുളത്തില്‍ അയ്യൂബാണ്​  സങ്കീർണമായ നിയമക്കുരുക്കഴിച്ച്​ ​ജയിൽ മോചിതനായത്​. കേസി​​െൻറ വിശദാംശങ്ങളറിഞ്ഞ സ്വദേശി പൗരൻ മോചനത്തിന് 25,000 റിയാല്‍ നൽകിയതിനെ തുടർന്നാണ്​ കേസ്​ തീർപ്പാക്കാൻ വഴിയൊരുങ്ങിയത്​. തിരുവനന്തപുരം സ്വദേശി അന്‍സാര്‍ അബ്​ദുല്‍ അസീസ് നല്‍കിയ വിസയില്‍, ദമ്മാമിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കെത്തിയിരുന്നു അയ്യൂബ്.

എന്നാൽ, അയ്യൂബിന് സ്‌പോണ്‍സറുമായി കൂടുതല്‍ ബന്ധപ്പെടാന്‍ അവസരം ഉണ്ടായിരുന്നില്ല. സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അന്‍സാര്‍ സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ 80,000 ഒാളം റിയാല്‍ നഷ്​ടത്തിലായി. സ്‌പോണ്‍സര്‍ വിദേശ യാത്രയില്‍ ആയപ്പോഴാണ് ഇത്രയും തുകയുടെ കമ്മി ബോധ്യപ്പെടുന്നത്​. പിന്നീട്, സ്‌പോണ്‍സറുടെ പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെടുകയും രണ്ടുപേരെയും വിളിച്ച്​ കാര്യങ്ങള്‍ ആരായുകയും നഷ്​ടമായ മുടക്ക് മുതല്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിസയുടെ പണമടക്കം ആ ഇനത്തില്‍ 39,000 റിയാല്‍ അയ്യൂബും നഷ്​ടമായ 80,000 റിയാല്‍ അന്‍സാറും നല്‍കണമെന്ന തീര്‍പ്പില്‍ എത്തുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ക്കകം അന്‍സാര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ നാട്ടിലേക്ക് കടന്നതോടെ അയ്യൂബ് വെട്ടിലായി. ഇതിനിടയില്‍ സ്‌പോണ്‍സര്‍ നിരവധി തവണ അന്‍സാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് വര്‍ഷത്തോളം അയ്യൂബ് സ്‌പോണ്‍സറുടെ സമ്മതത്തോടെ നൽകാനുള്ള തുക കണ്ടെത്താന്‍ മറ്റു ജോലികള്‍ ചെയ്തു.

ഇഖാമയുടെ കാലാവധി അവസാനിക്കാറായപ്പോള്‍ സ്‌പോണ്‍സര്‍ കാര്യം തിരക്കുകയും പണം അവശ്യപ്പെടുകയും ചെയ്തു. തുടർന്ന്​, സ്​പോൺസർ അന്‍സാറിനെതിരെ കോടതിയില്‍ നേരിട്ട് പരാതി നല്‍കി. കൂടാതെ, അന്‍സാറിനെ പോലെ അയ്യൂബും കടക്കുമെന്ന് ഭയന്ന സ്‌പോണ്‍സര്‍ അയ്യൂബിനെതിരെയും പൊലീസില്‍ പരാതി നല്‍കി. അയ്യൂബിന്​ കോടതിയില്‍ യാഥാര്‍ഥ്യം ബോധിപ്പിക്കാൻ കഴിഞ്ഞെങ്കിലും താന്‍ ഒപ്പിട്ടു നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷയും 39,000 റിയാൽ കെട്ടിവെക്കണമെന്നുമായിരുന്നു വിധി. ഇൗ തുകയിൽ 14, 000 റിയാൽ മേൽകോടതി എഴുതിത്തള്ളുകയും ശേഷിക്കുന്ന 25,000 സ്വദേശി പൗരൻ നൽകുകയും ചെയ്​തതോടെയാണ്​ മോചനത്തിന്​ വഴിയൊരുങ്ങിയത്​. ത​​െൻറ ജയിൽ വാസത്തിനിടെ   ഒരു വര്‍ഷം മുമ്പ്​ മാതാവ്​ മരിച്ചത്​​ അടുത്തിടെയാണ് അയ്യൂബ്​ അറിഞ്ഞത്.  ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബത്തി​​െൻറ ഏക ആശ്രയമായ അയ്യൂബ്​ ഞായറാഴ്​ചയോടെ നാട്ടിലേക്ക്​ മടങ്ങാനാവുമെന്ന സന്തോഷത്തിലാണ്​. സാമൂഹ്യ പ്രവർത്തകരായ ഷാജി വയനാട്, സലാം ജാംജൂം, സി.പി മുസ്​തഫ എന്നിവരുടെ നേതൃത്വത്തിലാണ്​ കേസി​​െൻറ നടപടിക്രമങ്ങൾ പൂർത്തിയായത്​. ​

Tags:    
News Summary - release from jail afrer five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.