യാംബു: വേനൽക്കാലത്തെ ചൂടിൽ നിന്നുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടും ചെങ്കടലിലെ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥക്ക് കാര്യമായ തകരാറ് സംഭവിച്ചിട്ടില്ലെന്നും ശ്രദ്ധേയമായ പുരോഗതിയാണ് കണ്ടെത്തിയതെന്നും ഗവേഷകർ. ജൈവ വൈവിധ്യങ്ങളുടെ നിരീക്ഷണവും വേനൽക്കാലത്തെ ചെങ്കടൽ സീസണൽ പവിഴപ്പുറ്റുകളുടെ സംരക്ഷണവും ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ചെങ്കടൽ ജൈവ വൈവിധ്യ നിരീക്ഷണത്തിന്റെ രണ്ടാംഘട്ട പദ്ധതി പുരോഗമിക്കുന്നതിനിടയിലാണ് ഗവേഷകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് കൺസർവേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൗതികവും രാസപരവുമായ ഘടകങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥക്കനുകൂലമായ സാഹചര്യം ഉണ്ടാക്കാനും കൂടി പദ്ധതി ലക്ഷ്യം വെക്കുന്ന തായി ബന്ധപ്പെട്ടവർ അറിയിച്ചു.
പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യ സംരക്ഷണം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും അവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിനും വികാസം മെച്ചപ്പെടുത്തുന്നതിനുമുള്ള ശാസ്ത്രീയ ശ്രമങ്ങൾ പരിപാടിയുടെ ഭാഗമായി പുരോഗമിക്കുകയാണ്. ചെങ്കടലിലെ വെള്ളത്തിന്റെ ഭൗതികവും രാസപരവുമായ ഗുണങ്ങൾ നിരീക്ഷിക്കുന്നതിന് വിപുലമായ റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകളും ഫീൽഡ് ഉപകരണങ്ങളും ഉപയോഗിച്ച് സൗദി ശാസ്ത്രജ്ഞരും ഗവേഷകരുമാണ് സർവേ നടത്തിയത്.
നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് നടത്തിയ ഫീൽഡ് സർവേകൾ പവിഴപ്പുറ്റുകളുടെ ആരോഗ്യത്തിലും മൊത്തത്തിലുള്ള ആവാസവ്യവസ്ഥയുടെ സ്ഥിരതയിലും പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഉയർന്ന താപനിലയിൽ പോലും ഗുരുതരമായ നാശം പവിഴപ്പുറ്റുകൾക്ക് കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ റിപ്പോർട്ട് ചെയ്തു..
തിമിംഗലങ്ങൾ, ഡോൾഫിനുകൾ, ഹാമർഹെഡ് സ്രാവുകൾ, കടൽ പാമ്പുകൾ എന്നിവയുൾപ്പെടെ നിരവധി സമുദ്ര ജീവികളുടെ ആവാസ കേന്ദ്രമാണ് സൗദിയിലെ ചെങ്കടൽ പ്രദേശങ്ങൾ. റെഡ് സീ ഗ്ലോബൽ കൈകാര്യം ചെയ്യുന്ന പവിഴപ്പുറ്റ് കോളനി ശ്രദ്ധേയമായ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പദ്ധതി പ്രതിഫലിപ്പിക്കുന്നു. ഫലപ്രദവും സുസ്ഥിരവുമായ സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനും പ്രകൃതിവിഭവ മാനേജ്മെന്റിനുമുള്ള ഒരു മാതൃകയായി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് സൗദി വിഷൻ 2030 പ്രകാരം ദേശീയ സ്ഥാപനങ്ങളുടെ ഏകോപിത ശ്രമങ്ങളെ സർവേ അടിവരയിടുന്നു. വിവിധ ജീവിവർഗങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി തീരപ്രദേശത്തെ 64 സ്ഥലങ്ങളിൽ ഇതിനകം സർവേകൾ പൂർത്തിയാക്കിയതായി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.