റിയാദ്: സൗദി അറേബ്യയിൽ റിക്രൂട്ട്‌മെൻറ്, തൊഴിൽ സേവന ചട്ടങ്ങൾ ലംഘിച്ച 14 ഏജൻസികൾക്കെതിരെ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് 11 റിക്രൂട്ട്‌മെൻറ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും മൂന്ന് ഏജൻസികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
2026-െൻറ ആദ്യ പാദത്തിൽ മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനകളിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട മൂന്ന് ഏജൻസികളുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയ മറ്റ് 11 സ്ഥാപനങ്ങളുടെ ലൈസൻസ് പൂർണമായും റദ്ദാക്കുകയായിരുന്നു.
റിക്രൂട്ട്‌മെൻറ് നടപടികളിലെ സുതാര്യതയില്ലായ്മ, ഗുണഭോക്താക്കൾക്ക് നൽകേണ്ട തുക തിരികെ നൽകുന്നതിലെ കാലതാമസം, പരാതികൾ പരിഹരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് മന്ത്രാലയം കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. തൊഴിൽ വിപണിയിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും കരാറിൽ ഏർപ്പെടുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ വിപണിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിയമങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റിക്രൂട്ട്‌മെൻറ് സംബന്ധമായ സേവനങ്ങൾക്കായി മന്ത്രാലയത്തിെൻറ അംഗീകൃത പ്ലാറ്റ്‌ഫോമായ ‘മുസാനിദ്’ വഴി മാത്രം ഇടപാടുകൾ നടത്തണമെന്ന് ഗുണഭോക്താക്കളോട് മന്ത്രാലയം നിർദേശിച്ചു. വിശ്വസനീയവും സുരക്ഷിതവുമായ സേവനം ഉറപ്പാക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.