ദമ്മാം ഹിറ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾ
ദമ്മാം: കായികപ്രേമികൾക്ക് ആവേശം സമ്മാനിച്ച് ദമ്മാം ഹിറ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിന് സമാപനം. കൊടും ചൂടിനെ അവഗണിച്ച്, രാവിലെ ആറ് മുതൽ ദമ്മാം ഗൂഖാ സ്റ്റേഡിയത്തിൽ ആരംഭിച്ച ക്രിക്കറ്റ് മാമാങ്കം രാത്രി 12 വരെ നീണ്ടു. കായിക മത്സരവേദികളിൽ നിന്ന് വ്യത്യസ്തമായി കളിക്കളത്തിൽ ഒരുക്കിയ കലാവിരുന്ന് ഹിറ്റേഴ്സിന്റെ ടൂർണമെന്റ് വേദിയെ വേറിട്ടതാക്കി. നവാസ് ചൂനാടന്റെ ദമ്മാം കെപ്റ്റയുടെ നേതൃത്വത്തിൽ കിഴക്കൻ നാട്ടരങ്ങ് അവതരിപ്പിച്ച നാടൻപാട്ടുകളും നാടൻ കലാരൂപങ്ങളും കായിക പ്രേമികൾക്കും കളികാണാനെത്തിയവർക്കും ആസ്വാദ്യകരമായി. ദമ്മാമിലെ ക്രിക്കറ്റ് കളിക്കാരുടെ കാരണവർ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടരങ്ങിലെ കലാകാരന്മാർ അവതരിപ്പിച്ച തെയ്യവും ഗരുഡൻ നൃത്തവും സ്വദേശികൾ ഉൾപ്പെടെ കാണികളുടെ പ്രശംസ നേടി. കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കിടയിൽ രക്തദാന സേവനത്തിലൂടെ കാരുണ്യ പ്രവർത്തനം നടത്തുന്ന അൻസർ സൽഹ കായംകുളത്തിനെ ദമ്മാം ഹിറ്റേഴ്സ് ചെയർമാൻ നജീം ബഷീർ ഉപഹാരം നൽകി ആദരിച്ചു.
16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ബ്ലാക്ക് കാപ്സ് പൈതൃകം, ആർ.സി.സിയെയും ഈഗിൾ സ്റ്റാഴ്സ് അമിഗോസിനെയും സെമി ഫൈനലിൽ നേരിട്ടപ്പോൾ, ആർ.സി.സി എം.ജി.സിയും അമിഗോസും ഫൈനലിലെത്തി. നേരിട്ടുള്ള ടെസ്റ്റിൽ ആർ.സി.സി.എം.ജി.സി അമിഗോസിനെ നാല് റൺസിന് പരാജയപ്പെടുത്തി ഹിറ്റേഴ്സ് കപ്പ് സ്വന്തമാക്കി. മികച്ച ബാറ്ററായി സൽമാൻ അമിഗോസിനെയും മികച്ച ബൗളറായി ജിജോ ജേക്കബിനെയും തെരഞ്ഞെടുത്തു.
ജോബിനാണ് (അമിഗോസ്) മികച്ച വിക്കറ്റ് കീപ്പർ. ടൂർണമെന്റിലെ മികച്ച താരമായി അൻസർ അലി (ആർ.സി.സി)യേയും തെരഞ്ഞെടുത്തു. നിതീഷ്, മിറാഷ്, സമീർ, സാസു, ഹാഫിസ്, രജീഷ്, സാജിദ്, മുകേഷ് ഉണ്ണി, ഷുഹൈബ്, മഹി, വികാസ്, അംബി സലീം എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
നൗഷാദ് തഴവ, സുരേഷ് റാവുത്തർ, മുത്തു തലശ്ശേരി, ബാബു സലാം, മുസ്തഫ പവലയിൽ, സിദ്ധു കൊല്ലം എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.