റിയാദ്: സൗദിയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ കൂടെ കൊണ്ടുവരുന്ന മരുന്നുകളുടെ പ്രവേശനം വ്യവസ്ഥാപിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും കൃത്രിമബുദ്ധി സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന ‘റാസിദ്’ സേവനം ആരംഭിച്ചു. സേവനത്തിന്റെ ഉദ്ഘാടനം റിയാദിൽ നടന്ന ഗ്ലോബൽ ഹെൽത്ത് ഫോറത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം അൽജദ്ഇ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത നിരീക്ഷണത്തിൽനിന്ന് സജീവവും ഡാറ്റാധിഷ്ഠിതവുമായ സംരക്ഷണത്തിലേക്ക് ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനായുള്ള ഈ സേവനം അതോറിറ്റിയുടെ എ.ഐ ലാബായ ‘സെയിലി’ൽ സൗദി പൗരന്മാരാണ് വികസിപ്പിച്ചെടുത്തത്.
യാത്രക്കാരിൽനിന്ന് നിയന്ത്രിത മരുന്നുകൾ നിരീക്ഷിക്കൽ, മന്ദഗതിയിലുള്ള നടപടിക്രമങ്ങൾ, ഒന്നിലധികം ഭാഷകളിലായി മരുന്നുകൾ വിലയിരുത്തൽ, ചില കൈയെഴുത്ത് കുറിപ്പടികൾ വായിക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയ മുൻകാല വെല്ലുവിളികളെ മറികടക്കുന്നതിനും രാജ്യത്തേക്കുള്ള സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തലും ഈ സേവനം ലക്ഷ്യമിടുന്നു.
നിയന്ത്രിത മരുന്നിന്റെ ഘടകങ്ങളും രോഗിയുടെ അവസ്ഥയും (മെഡിക്കൽ റിപ്പോർട്ട് വഴി) അല്ലെങ്കിൽ അനുവദനീയമായ അളവ് (കുറിപ്പടി വഴി) തമ്മിലുള്ള പൊരുത്തപ്പെടുത്തൽ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതാണ് ‘റാസിദ്’ സേവനം.
50ൽ അധികം വ്യത്യസ്ത ഭാഷകളുടെ പിന്തുണയോടെ പൊരുത്തപ്പെടുത്തൽ കൃത്യമായും ഉയർന്ന വേഗതയിലും പൂർത്തിയാക്കാൻ കഴിയുന്നതാണിത്. കൃത്രിമബുദ്ധിയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഒരു വേദിയായി കഴിഞ്ഞ ഫെബ്രുവരിയിൽ അതോറിറ്റി ആരംഭിച്ച ‘സെയിൽ’ കൃത്രിമബുദ്ധി ലാബിന്റെ ഔട്ട്പുട്ടുകളിൽ ഒന്നാണ് ‘റാസിദ്’ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.