സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുറഹ്മാൻ അൽഫദ്ലി സംസാരിക്കുന്നു
റിയാദ്: ലോക ജല സംഘടനയുടെ ചാർട്ടറിൽ ഒപ്പുവെച്ചതും റിയാദിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നുവെന്ന് പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻ.ജി അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. ജലം ഒരു വിഭവം മാത്രമല്ല, ലോകമെമ്പാടുമുള്ള സാമ്പത്തിക, സാമൂഹിക വികസനത്തിനും സ്ഥിരതക്കും ഒരു ഉറവിടം കൂടിയാണ് എന്ന വസ്തുതയിൽനിന്നാണ് സംഘടനയുടെ പ്രാധാന്യം ഉരുത്തിരിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദി മാത്രമല്ല ഈ സംഘടനയെന്നും ജല വെല്ലുവിളികളെ സമഗ്രമായി നേരിടുന്നതിനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങളെ വികസിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും സാങ്കേതിക പരിഹാരങ്ങളെയും ശാസ്ത്രീയ ഗവേഷണങ്ങളെയും പിന്തുണക്കുന്നതിനും ജല മാനേജ്മെന്റിൽ സുതാര്യത വർധിപ്പിക്കുന്നതിനുള്ള ധനസഹായം സുഗമമാക്കുന്നതിനും പ്രവർത്തിക്കുന്ന ഒരു പൊതു ആഗോള വേദിയാണെന്നും അൽഫദ്ലി വിശദീകരിച്ചു.
ആഗോള സംരംഭങ്ങൾ ആരംഭിക്കുന്നതിൽ സൗദിയുടെ മുൻനിര നേതൃത്വപരമായ പങ്കിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ജല വെല്ലുവിളികളെ നേരിടുന്നതിനും ജല മാനേജ്മെന്റിനെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികൾ മാറ്റുന്നതിനുമുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള ഒരു മാർഗമാണ് ലോക ജല സംഘടന. വെല്ലുവിളികൾ ജലക്ഷാമത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ശരിയായ സമയത്തും സ്ഥലത്തും അതിന്റെ ലഭ്യത, കാലാവസ്ഥ വ്യതിയാനത്തിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും വെളിച്ചത്തിൽ ആഗോള സമ്പദ്വ്യവസ്ഥ, മനുഷ്യന്റെ ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിതരണ ശൃംഖലകൾ എന്നിവയിൽ അതിന്റെ സ്വാധീനം എന്നിവയും ഉൾപ്പെടുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.