പി.കെ. റഷീദ്
ജിദ്ദ: സൗദി അറേബ്യയിലെ ആതുരസേവന രംഗത്ത് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും രണ്ട് പതിറ്റാണ്ടുകാലം സേവനം നൽകിയ പ്രമുഖ ഇ.എൻ.ടി വിദഗ്ധൻ ഡോ. പി.കെ. റഷീദ് പ്രവാസം അവസാനിപ്പിക്കുന്നു. തലശ്ശേരി സ്വദേശിയായ അദ്ദേഹം 2006ലാണ് ജിദ്ദയിൽ എത്തിയത്. അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ ശറഫിയ്യ, സനായിയ്യ ശാഖകളിലെ ക്ലിനിക്കുകളിൽ ഇ.എൻ.ടി വിഭാഗത്തിൽ മാറിമാറി സേവനമനുഷ്ഠിച്ച കാലം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഓർമിക്കുന്നു.
സാധാരണക്കാരിൽ സാധാരണക്കാരായ രോഗികളായിരുന്നു അദ്ദേഹത്തിന്റെ അടുക്കൽ എത്തിയിരുന്നവരിൽ ഭൂരിഭാഗവും. അവരുടെ കഷ്ടപ്പാടുകളും ജീവിത ദുരിതങ്ങളും കണ്ട് മനസ്സ് വിങ്ങേണ്ടി വന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. പുകയിലയുടെയും പാനിന്റെയും അമിത ഉപയോഗം മൂലം രോഗബാധിതരായ നിരവധി പേരെ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും, അതിലൂടെ ഒട്ടനവധി പേരെ ആ ദുശ്ശീലങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ അബീർ ക്ലിനിക്കിലെ ഔദ്യോഗിക ജീവിതം എന്നും ഓർമിക്കപ്പെടുന്നതാണെന്നും മാനേജ്മെൻറിന്റെ ഭാഗത്തുനിന്നുണ്ടായ സ്നേഹപൂർണമായ സമീപനം ഏറെ പ്രശംസനീയമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. പ്രവാസികൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും ആശ്വാസം നൽകാൻ കഴിഞ്ഞുവെന്ന ആത്മസംതൃപ്തിയോടെയാണ് ഈ ജനകീയ ഡോക്ടർ മടങ്ങുന്നത്. നാട്ടിൽ തിരിച്ചെത്തിയ ശേഷമുള്ള പ്രവാസാനന്തര ജീവിതം മംഗലാപുരത്തെ ഇന്ത്യൻ ഹോസ്പിറ്റലിലെ സേവനത്തിലൂടെയും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും തുടരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഡോ. പി.കെ. റഷീദുമായി കൂടുതൽ വിവരങ്ങൾക്ക് 0091 94970 43625 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.