ഒ.ഐ.സി.സിയുടെ ജനകീയ മുഖം –ദമ്മാം ഒ.ഐ.സി.സി
ദമ്മാം: രണ്ടു പതിറ്റാണ്ടുമുമ്പ് കിഴക്കൻ പ്രവിശ്യയിലുള്ള കോൺഗ്രസ് പ്രവർത്തകരെ കണ്ടെത്തി കോൺഗ്രസ് അനുകൂല സംഘടന പ്രവർത്തനത്തിന് തുടക്കമിട്ടവരിൽ പ്രധാനിയായ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബിെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി ദമ്മാം റീജ്യനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദമ്മാം കേന്ദ്രീകരിച്ച് കിഴക്കൻ പ്രവിശ്യയിലും അതോടൊപ്പം സൗദിയിലുടനീളവും സംഘടനയുടെ ചുക്കാൻ പിടിച്ച പി.എം. നജീബ് ഒ.ഐ.സി.സിയുടെ സൗദിയിലെ ജനകീയ മുഖമായിരുന്നുവെന്ന് റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒരു കാലഘട്ടത്തിൽ മലബാർ മേഖലയിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ പ്രതിപുരുഷനായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ. സാദിരിക്കോയയുടെ മകനെന്ന പശ്ചാത്തലവും സംഘടന പ്രവർത്തന പാരമ്പര്യവും കൈമുതലായുള്ള പി.എം. നജീബിെൻറ സംഘടന പാടവം പ്രസ്ഥാനത്തിനെ കിഴക്കൻ പ്രവിശ്യയിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. സംഘടനയിലെ സാധാരണക്കാരായ പ്രവർത്തകരോട് ഇഴയടുപ്പമുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹത്തിനും ഏറെ സ്വീകാര്യനായിരുന്നു. വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തിെൻറ ശൈലി അനുകരണീയമായിരുന്നുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ, കിഴക്കൻ പ്രവിശ്യയിലെ മറ്റ് കലാ, സാംസ്കാരിക, കായിക, ജീവകാരുണ്യ, വിദ്യാഭ്യാസ പൊതുകൂട്ടായ്മകളിലും അദ്ദേഹത്തിെൻറ സാന്നിധ്യം സജീവമായിരുന്നു. പ്രവിശ്യയിലെ പൊതുസമൂഹത്തിൽ സർവസമ്മതനായ പി.എം. നജീബ് ഒട്ടനവധി പ്രവാസികളുടെ വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ഇടപെട്ട് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം നടത്തിയ ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹത്തിെൻറ ജ്വലിക്കുന്ന ഓർമകൾക്കു മുന്നിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയും വിവിധ ജില്ല ഏരിയ വനിത യൂത്ത് വിങ് കമ്മിറ്റികളും പ്രണാമം അർപ്പിക്കുന്നതായും അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രമേശ് പാലക്കാട്, റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ആക്ടിങ് പ്രസിഡൻറ് ഹനീഫ് റാവുത്തർ, നേതാക്കളായ ഇ.കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, പി.കെ അബ്ദുൽ കരീം, ഷംസു കൊല്ലം, സക്കീർ ഹുസൈൻ എന്നിവർ അനുശോചിച്ചു.
കെ.എം.സി.സി
ദമ്മാം: പി.എം. നജീബിെൻറ വേര്‍പാടില്‍ അൽഖോബാർ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. പ്രവാസി സമൂഹത്തിെൻറ നേതൃനിരയില്‍ മൂന്ന് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ച പി.എം. നജീബിെൻറ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. രൂക്ഷമായ കോവിഡ് കാലത്തെ വിവിധ കൂട്ടായ്മകള്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണം രൂപവത്കരിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിെൻറയും ഒ.ഐ.സി.സി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂര്‍, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
പ്രവാസി സാംസ്കാരിക വേദി
ദമ്മാം: പി.എം. നജീബിെൻറ നിര്യാണത്തിൽ പ്രവാസി സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ സെക്രേട്ടറിയറ്റ് ദുഃഖം രേഖപ്പെടുത്തി. വ്യത്യസ്ത വീക്ഷണം വെച്ചുപുലർത്തുന്നവരോട് സൗഹാർദ പൂർവം ഇടപെട്ടിരുന്ന അദ്ദേഹത്തിെൻറ വിയോഗം കിഴക്കൻ പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നികത്താനാകാത്ത നഷ്ടമാണ്. പ്രവാസി സാംസ്കാരിക വേദിയുടെ ഒട്ടേറെ വേദികളിൽ രാഷ്ട്രീയ നിലപാട് അറിയിക്കാൻ അദ്ദേഹമെത്തിയിട്ടുണ്ട്. നല്ല ഓർമകൾ സമ്മാനിച്ച അദ്ദേഹത്തിെൻറ വേർപാടിൽ കുടുംബത്തിെൻറയും പ്രസ്ഥാനത്തിെൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രവാസി സാംസ്കാരിക വേദി അനുശോചന കുറിപ്പിൽ അറിയിച്ചു.
നവയുഗം
ദമ്മാം: പി.എം. നജീബിെൻറ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയ എതിരാളികൾപോലും വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന സൗമ്യനും സഹൃദയനുമായ നേതാവായിരുന്നു പി.എം. നജീബ്. നവയുഗത്തിെൻറ ഒട്ടേറെ പരിപാടികളിൽ അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. സൗദി പ്രവാസികളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ, മറ്റു പ്രവാസി സംഘടനകളോടൊപ്പം നിന്ന് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും നല്ലൊരു വാഗ്മിയും ആത്മാർഥതയുള്ള രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു അദ്ദേഹം. പരിചയപ്പെട്ടവർക്കാർക്കും ഏറെ നർമബോധമുള്ള അദ്ദേഹത്തിെൻറ സംസാരം ഒരിക്കലും മറക്കാൻ കഴിയില്ല.
മികച്ച സാമൂഹികപ്രവർത്തകനായ അദ്ദേഹത്തിെൻറ മരണം സൗദിയിലെ പ്രവാസലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിെൻറയും സഹപ്രവർത്തകരുടെയും, പ്രവാസലോകത്തിെൻറയും ദുഃഖത്തിൽ നവയുഗവും പങ്കുചേരുന്നതായി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹനും ആക്ടിങ് സെക്രട്ടറി ദാസൻ രാഘവനും പറഞ്ഞു.
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി
ജിദ്ദ: പി.എം. നജീബിെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി അനുശോചിച്ചു. പതിറ്റാണ്ടുകളായി സാമൂഹിക സേവന രംഗത്തുള്ള അദ്ദേഹം പൊതുസ്വീകാര്യനും മാതൃക പൊതുപ്രവർത്തകനുമായിരുന്നു. ദമ്മാം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അദ്ദേഹം സൗദിയിൽ എല്ലാ പ്രദേശങ്ങളിലും കോൺഗ്രസ് അനുകൂല പ്രവാസി സംഘടന സംവിധാനമുണ്ടാക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും മാതൃസംഘടനയുമായി ഒ.ഐ.സി.സിയെ ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതായും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുസ്മരിച്ചു.
യാംബു ഒ.ഐ.സി.സി
യാംബു: പി.എം. നജീബിെൻറ വിയോഗം പ്രവാസലോകത്തെ എല്ലാവർക്കും തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. രാജ്യത്തെ പ്രവാസികൾ പുതിയ തൊഴിൽ പ്രതിസന്ധിമൂലം കഷ്ടപ്പെട്ടപ്പോഴും കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിച്ചപ്പോഴും അവർക്ക് സഹായ ഹസ്തവുമായി മുൻപന്തിയിലുണ്ടായിരുന്ന സാമൂഹിക പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.