ജിദ്ദ: പിണറായി സർക്കാറിന്റെ ജനവിരുദ്ധ ഭരണത്തിൽ പൊറുതിമുട്ടിയ കേരള സമൂഹം ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്നും ഇടത് ആഭിമുഖ്യമുള്ള സംഘടനകൾ പോലും അതിനായി തീരുമാനിച്ചുറപ്പിച്ച സാഹചര്യമാണുള്ളതെന്നും മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം അഭിപ്രായപ്പെട്ടു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർ, എൻ.ജി.ഒ യൂനിയൻ ഉൾപ്പെടെയുള്ള ഇടത് പക്ഷ ആഭിമുഖ്യമുള്ള സർക്കാർ ജീവനക്കാർ, തൊഴിലാളി സംഘടനകൾ, കർഷകർ, സ്ത്രീകൾ തുടങ്ങി അംഗൻവാടി കുഞ്ഞുങ്ങൾ വരെ സമൂഹത്തിലെ നാനാ വിഭാഗം ജനങ്ങളും ഉയർന്ന നിരക്കിലുള്ള നികുതികൾ, മാസാന്തം വർധിക്കുന്ന വൈദ്യുതി ചാർജ്, അവശ്യ വസ്തുക്കളുടെ വിലക്കയറ്റം, കാലിയായ റേഷൻ കടകൾ, ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക, കർഷകർക്ക് വേണ്ടതായ വസ്തുക്കളുടെ ലഭ്യതയില്ലായ്മ തുടങ്ങി ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ഭാരിച്ച ചെലവുകൾ താങ്ങാനാവാതെ പൊറുതി മുട്ടിയ ജനത തീർച്ചയായും ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന യാഥാർഥ്യം കേരളത്തിൽ എങ്ങും പ്രകടമാണ്. സംസ്ഥാനത്ത് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലൂടെ ഇക്കാര്യം വ്യക്തമായതാണ്. അതിനെ മറികടക്കാൻ വർഗീയ വിഷം വിതക്കുന്ന ചേരികളെ പ്രീണിപ്പിച്ച് കേരളത്തിൽ സംഘ് പരിവാർ ശക്തികൾ ആഗ്രഹിക്കുന്നപോലെ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കി വോട്ട് ചേരിതിരിവ് നടത്തി വീണ്ടും അധികാരത്തിലെത്താനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ് സി.പി.എം.
തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗപ്പെടുത്തി വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാറിന് അധികാരത്തിൽ തുടരാൻ അർഹതയില്ല. ഓരോ ദിവസവും ‘വോട്ട് ചോരി’ വ്യക്തമായി കൊണ്ടിരിക്കുന്നു. കേരളത്തിൽ സി.പി.എം വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചാണ് പല മണ്ഡലങ്ങളിലും വിജയിക്കാറുള്ളതെന്നും പുതിയ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവ അധ്യക്ഷത വഹിച്ചു.കേരള സംസ്ഥാന ദലിത് ലീഗ് പ്രസിഡണ്ട് ഇ.പി. ബാബു സംസാരിച്ചു. കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് നേതാവും മുൻസിപ്പൽ കൗൺസിലറുമായ അനീസ് മാസ്റ്റർ നാട്ടിൽ കെ.എം.സി.സി സഹകരണത്തോടെ നടത്തുന്ന വിദ്യഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ സംസാരിച്ചു .
വി.പി. മുസ്‌തഫ സ്വാഗതം പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെപ്റ്റംബർ 19ന് സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിന്റെ ജഴ്‌സി പ്രകാശനം നടന്നു. മെഡിക്കൽ-ഹാരിസ് ബാബു, ടെക്‌നിക്കൽ -അബു കാട്ടുപാറ, അമ്പയർ കെ.വി. നാസർ, വളണ്ടിയയർ -റഹ്‌മത്ത് അലി എന്നിവർ ജഴ്‌സികൾ ഏറ്റുവാങ്ങി. കെ.എം.സി.സി ജിദ്ദ സാരഥികളായ ഇസ്‌മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്‍ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, അഷ്‌റഫ് താഴെക്കോട്, സാബിൽ മമ്പാട് , സിറാജ് കണ്ണവം, ഷക്കീർ മണ്ണാർക്കാട്, ലത്തീഫ് വയനാട്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.