സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസർ അൽജാസർ ജിദ്ദ വിമാനത്താവളത്തിൽ ആദ്യ തീർഥാടക സംഘത്തെ സ്വീകരിക്കുന്നു
ജിദ്ദ: തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ഗതാഗത-ലോജിസ്റ്റിക്സ് രംഗത്ത് ആധുനിക സാങ്കേതികവിദ്യകളും നിർമിതബുദ്ധിയും വ്യാപകമായി ഉപയോഗപ്പെടുത്തുന്നതായി സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസർ അൽജാസർ അറിയിച്ചു. ‘മക്ക റൂട്ട്’ സംരംഭത്തിന് കീഴിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ആദ്യ തീർഥാടക സംഘത്തെ സ്വീകരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീർഥാടകരുടെ യാത്രാനുഭവം സുഗമമാക്കുന്നതിനും ഗുണനിലവാരം വർധിപ്പിക്കുന്നതിനുമാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നത്. വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള മികച്ച ഏകോപനം ഗതാഗത സേവനങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി.
തീർഥാടകരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനായി ഇത്തവണ സജ്ജമാക്കിയിരിക്കുന്നത് അത്യാധുനിക സ്മാർട്ട് ഇലക്ട്രോണിക് സംവിധാനങ്ങളാണ്. വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകർ താമസസ്ഥലങ്ങളിൽ എത്തുമ്പോഴേക്കും അവരുടെ ലഗേജുകൾ അവിടെ നേരിട്ട് എത്തിച്ചേരുന്നുവെന്ന് ഈ സംവിധാനം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ‘മക്ക റൂട്ട്’ പദ്ധതി പ്രകാരം ജിദ്ദ വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനം ബംഗ്ലാദേശിൽ നിന്നുള്ളതായിരുന്നു. ഇതിന് മുന്നോടിയായി ശനിയാഴ്ച മദീന വിമാനത്താവളത്തിൽ തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരും എത്തിച്ചേർന്നിട്ടുണ്ട്. മികച്ച യാത്രാ സൗകര്യങ്ങളിലൂടെയും സുരക്ഷിതമായ ലോജിസ്റ്റിക്സ് സംവിധാനങ്ങളിലൂടെയും തീർഥാടകർക്ക് തടസ്സമില്ലാത്ത ഹജ്ജ് അനുഭവം നൽകാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.