സൽവ അതിർത്തിയിലെ പാർക്കിങ് ഏരിയ
റിയാദ്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് പോകുന്നവർക്ക് സൗദി അതിർത്തി കവാടമായ 'സൽവ'യിലെ പരിശോധന കേന്ദ്രത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരമാവധി കാലയളവ് നാലുദിവസം മാത്രമാണെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. വാഹനം സൽവ പാർക്കിങ് മേഖലയിൽ നിർത്തിയിടുന്നത് മുതൽ 96 മണിക്കൂർ പൂർത്തിയാകുന്നത് വരെയാണ് അനുവദിക്കപ്പെട്ട സമയമെന്നും അതിൽ കവിയരുതെന്നുമാണ് അറിയിപ്പ്.
പാർക്കിങ് നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പാർക്കിങ് പ്രദേശത്തുനിന്ന് നീക്കംചെയ്യുന്നതിനുപുറമേ പിഴ ചുമത്തുമെന്നും ടി.ജി.എ വൃത്തങ്ങൾ വ്യക്തമാക്കി.
സ്ഥലപരിമിതിയാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിക്കാൻ കാരണമെന്ന് ടി.ജി.എ വിശദീകരിച്ചു. ഖത്തർ ഭാഗത്തുള്ള അബുസംറ പരിശോധന കേന്ദ്രത്തിലെ സൗജന്യ പാർക്കിങ് ഏരിയയിൽ സൗദിയിൽനിന്നുള്ള യാത്രക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
'ഹയ്യ' ആപ്ലിക്കേഷൻ വഴി പാർക്കിങ് സ്ഥലത്തിനായി യാത്രക്കാർക്ക് രജിസ്റ്റർ ചെയ്യാം. സൽവ അതിർത്തിയിൽ പാർക്കിങ്ങിന് തിരക്കുള്ളതിനാൽ, ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ HereForYou_SA എന്ന ഔദ്യോഗിക അക്കൗണ്ട് വഴി ഖത്തർ അതിർത്തിയിലെത്താൻ മാർഗം തേടണമെന്നും ടി.ജി.എ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.