'ഒമൈക്രോൺ'; ഏഴ് ​​രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടി സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി

ജിദ്ദ: കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' വൈറസ് വ്യാപിച്ചതിനെത്തുടർന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടി സൗദി അറേബ്യ താൽക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് എന്നിവയാണ് വിലക്കേർപ്പെടുത്തിയ രാജ്യങ്ങൾ.

ഈ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കുന്ന വിദേശികൾ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കേണ്ടിവരും. ഇവർക്ക് സൗദിയിലെത്തിയാൽ വീണ്ടും അഞ്ച് ദിവസങ്ങൾ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈൻ നിർബന്ധമായിരിക്കും.

വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നും നേരിട്ടോ അത്തരം രാജ്യങ്ങളിലൂടെ യാത്ര ചെയ്തോ നവംബർ ഒന്നിന് ശേഷം സൗദിയിലെത്തിയവർ പി.സി.ആർ പരിശോധനക്ക് വിധേയമായി നെഗറ്റീവ് ഫലം ഉറപ്പ് വരുത്തണമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

'ഒമൈക്രോൺ' വൈറസ് വ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നാല് രാജ്യങ്ങളിൽ നിന്നുള്ള വിലക്ക് നേരത്തെതന്നെ നിലനിൽക്കുന്നുമുണ്ട്. ഇതോടെ നിലവിൽ സൗദിയിലേക്ക് താൽക്കാലിക യാത്രാനിരോധം നിലനിൽക്കുന്ന രാജ്യങ്ങളുടെ എണ്ണം 18 ആയി.

തുർക്കി, എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ലെബനൻ എന്നിവയാണ് യാത്രാ നിരോധനം നേരിടുന്ന മറ്റു രാജ്യങ്ങൾ. ഇന്ത്യ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിക്ക് ഈ രാജ്യങ്ങൾക്കും വീണ്ടും സൗദിയിലേക്ക് യാത്ര വിലക്കേർപ്പെടുത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.

Tags:    
News Summary - Omicron fear Saudi Arabia bans flights from seven African countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.