രാജ്യം സ്വാതന്ത്ര്യദിനത്തിൻെറ സ്മരണ പുതുക്കുന്ന ഇൗ വേളയിൽ നമുക്ക് സ്വാതന്ത്ര്യ പോരാട്ടത്തിൽ ജീവനും ജീവിതവും ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ ഓർമിക്കാം. ആയിരക്കണക്കിനാളുടെ രക്തസാക്ഷിത്വത്തിൻെറ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഒരു സുപ്രഭാതത്തിൽ വെറുതെ ലഭിച്ചതല്ല അത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരങ്ങളുടെ രക്തകണവും ലക്ഷങ്ങളുടെ വിയർപ്പുതുള്ളികളും ഇറ്റിവീണ മണ്ണിലാണ് നാം ചവിട്ടിനിൽക്കുന്നത്. ധീരരായ നേതാക്കളും അവരുടെ വിളികേട്ട് പടക്കളത്തിലേക്ക് ചാടിയിറങ്ങിയ സാധാരണക്കാരും അനുസ്മരിക്കപ്പെടണം. അതിനായാണ് നാം സ്വാതന്ത്ര്യപ്പുലരി ആഘോഷിക്കുന്നത്. മലപ്പുറം തൂക്കിടി കല്ലേരിയിൽവെച്ച് തന്നെയും രണ്ട് പോരാളികളേയും വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ട മാർഷൽ കോടതി വിധികേട്ട് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. 'എൻെറ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം'.
തൂക്കുമരത്തിന് മുന്നിൽ അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൾ നൽകിയ മറുപടിയും ചരിത്രത്തിൽ തങ്കലിപികളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. 'നിങ്ങൾ കണ്ണ് കെട്ടി പിറകിൽ നിന്നും വെടിവെച്ചാണല്ലോ കൊല്ലാറ്. എന്നാൽ എൻെറ കണ്ണുകൾ കെട്ടാതെ, ചങ്ങലകൾ ഒഴിവാക്കി മുന്നിൽനിന്ന് വെടിവെക്കണം. എൻെറ ജീവിതം അവസാനിപ്പിക്കുന്ന വെടിയുണ്ടകൾ വന്നു പതിക്കേണ്ടത് നെഞ്ചിലായിരിക്കണം. അതെനിക്ക് കാണണം, ഈ മണ്ണിൽ മുഖം ചേർത്ത് മരിക്കണം' -ഇതായിരുന്നു വാക്കുകൾ. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ചങ്കുറപ്പ് ഒന്നുകൊണ്ട് വിറപ്പിച്ച മലബാറിലെ വീരപോരാളികളെ നമുക്ക് സ്മരിക്കാം. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയും 21 വർഷം കാത്തിരുന്നു ലണ്ടനിലെത്തി ജാലിയൻ വാലാബാഗിൽ മതിൽക്കെട്ടിനകത്ത് നൂറുകണക്കിന് ഇന്ത്യക്കാരെ കൊന്നുതള്ളാൻ ഉത്തരവിട്ട ജനറൽ ഡയറുടെ നെഞ്ചിൻകൂടിനകത്തേക്ക് വെടിയുണ്ട തൊടുത്ത ഉദ്ദംസിങ്ങിനെയും നമുക്ക് സ്മരിക്കാം. ഭഗത്സിങ്ങിനെയും ആസാദിനെയും ഗാന്ധിയെയും നെഹ്റുവിനെയും അംബേദ്കറെയും മറ്റു നേതാക്കളെയും സ്മരിക്കാം. റാണി ലക്ഷ്മീബായിയെപ്പോലെയുള്ള കനൽവഴികളിലെ വനിതാ രത്നങ്ങളെ സ്മരിക്കാം.
പേരുകൾ പ്രതീകങ്ങളാണ്. എവിടെയും പേര് രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ത്യാഗികളുടെയും സംഭാവനകളെ കാണാതിരിക്കാനാവില്ല, വിലകുറച്ച് കാണാനുമാവില്ല. ദർബാർ ഹാളിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നമ്മെ എക്കാലവും പ്രചോദിപ്പിക്കുന്നതാണ് 'വർഷങ്ങൾക്ക് മുമ്പ് വിധിയുമായി നാമൊരു കരാറിൽ ഏർപ്പെട്ടിരുന്നു. ആ കരാർ, പ്രതിജ്ഞ നിറവേറ്റാനുള്ള സമയമിതാ സമാഗതമായിരിക്കുന്നു. നാമത് നിറവേറ്റും. പൂർണമായല്ലെങ്കിലും വലിയൊരു അളവ് വരെ. ഇൗ അർധരാത്രിയിൽ ലോകം ഉറങ്ങുന്ന സമയത്ത്, ഇന്ത്യ പുതിയ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്. ചരിത്രത്തിൽ അപൂർവമായി മാത്രം വന്നുചേരുന്ന ചില നിമിഷങ്ങളുണ്ട്. അങ്ങനെയൊന്നാണിത്. പഴയതിൽനിന്ന് പുതിയതിലേക്ക് നാം കാലൂന്നുന്ന നിമിഷം. ഒരു കാലഘട്ടം അവസാനിച്ച് മറ്റൊന്നിന് ആരംഭം കുറിക്കുന്ന നിമിഷം. അടിച്ചമർത്തപ്പെട്ടിരുന്ന രാഷ്ട്രത്തിൻെറ മൂകമായ ആത്മാവിന് സംസാരശേഷി കൈവരുന്ന നിമിഷം'.
ഏറ്റവും ദരിദ്രനുകൂടി അഭിമാനകരമായ ജീവിതത്തിന് ഇടമുള്ള രാജ്യമാവും എൻെറ ഇന്ത്യ എന്നാണ് ഗാന്ധിജി സ്വാതന്ത്ര്യപ്പുലരിക്ക് മുേമ്പ വിഭാവനം ചെയ്തത്. അതായിരുന്നു രാഷ്ട്ര സങ്കൽപം. എന്തായിരുന്നുവോ ഇന്ത്യയെപ്പറ്റിയുള്ള ദേശീയ പ്രസ്ഥാനത്തിൻെറ നേതാക്കളുടെ സ്വപ്നം ആ രീതിയിൽ രാജ്യത്തെ ക്രമപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോവാനുമുള്ള ഉത്തരവാദിത്തമാണ് പിന്മുറക്കാർ എന്ന നിലയിൽ നമുക്കുള്ളത്. അതിന് നിതാന്തമായ ജാഗ്രതയും ചരിത്രബോധവും ആവശ്യമാണ്. ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ചരിത്രവസ്തുതകൾ പുതിയ കാലത്തിൽ നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട്. െഎക്യത്തിൻെറയും പോരാട്ടവീര്യത്തിൻെറയും ചരിത്രം നമുക്ക് ഒാർമിച്ചുകൊണ്ടേയിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.