ഒ.ഐ.സി.സി ഗ്ലോബൽ സമ്മേളനം തിരുവനന്തപുരത്ത് നടക്കും -കുമ്പളത്ത് ശങ്കരപ്പിള്ള

ജിദ്ദ: ഒ.ഐ.സി.സിയുടെ നാലാം ഗ്ലോബൽ സമ്മേളനം അടുത്ത വർഷം ജൂണിലോ ജൂലൈയിലോ തിരുവനന്തപുരത്ത് നടക്കുമെന്ന് ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനിൽ ഇതിനകം ഒ.ഐ.സി.സിയിലെ തെരഞ്ഞെടുക്കപ്പെട്ട 200 പ്രവർത്തകരെ ഉൾപ്പെടുത്തി ഒരു ചിന്താശിബിരം സംഘടിപ്പിച്ചിരുന്നു. ബഹ്‌റൈനിലും അത്തരത്തിലൊരു ചിന്താശിബിരം നടന്നു. റിയാദിലും മാർച്ച് മൂന്നിന് തെരഞ്ഞെടുത്ത പ്രവർത്തകർക്ക് വേണ്ടി നാഷനൽ കമ്മിറ്റിക്ക് കീഴിൽ ചിന്താശിബിരം സംഘടിപ്പിക്കും. ഇത്തരം പരിപാടികളിലൂടെ ഒ.ഐ.സി.സി പ്രവർത്തകരെ കൂടുതൽ കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.

ഒ.ഐ.സി.സി എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ അംഗത്വ കാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. ഡിസംബർ 31 വരെയാണ് കാമ്പയിൻ. ഒമാനിലെ സലാലയിൽ മിഡിൽ ഈസ്റ്റ് സമ്മേളനം സംഘടിപ്പിക്കും. അതിന് ശേഷം എല്ലാ രാജ്യങ്ങളിലും ഒ.ഐ.സി.സിക്ക് പുതിയ കമ്മറ്റികൾ നിലവിൽ വരും. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഒ.ഐ.സി.സിക്ക് കമ്മറ്റികൾ രൂപവത്​കരിക്കുകയാണ് ലക്ഷ്യം. അമേരിക്ക, കാനഡ, സിംഗപ്പൂർ, മലേഷ്യ, ഇറ്റലി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതിനകം കമ്മിറ്റികൾ നിലവിൽ വന്നിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഒ.ഐ.സി.സി എന്ന പേരിൽ പ്രവർത്തിക്കാനുള്ള സാങ്കേതിക തടസം കാരണമാണ് അവിടെ സംഘടനക്ക് 'ഇൻകാസ്' എന്ന പേര് സ്വീകരിച്ചിരിക്കുന്നതെന്നും ശങ്കരപ്പിള്ള പറഞ്ഞു.

രാഷ്ട്രീയത്തിനധീതമായി മുഴുവൻ പ്രവാസികളുടെയും ക്ഷേമം ലക്ഷ്യമാക്കിയാണ് ഒ.ഐ.സി.സി പ്രവർത്തിക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് തിരിച്ചുപോകുന്ന പ്രവാസികൾക്ക് നാട്ടിലെത്തിയാൽ എന്തെങ്കിലും വരുമാനം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാവണം എന്ന ഉദ്ദേശത്തോടെ കേരളത്തിൽ നിലവിൽ പൂട്ടിക്കിടക്കുന്ന വിവിധ ഫാക്ടറികളും മറ്റു പൊതുമേഖല സ്ഥാപനങ്ങളും നല്ല രീതിയിൽ നടത്തുന്നതിനായി തിരിച്ചെത്തുന്ന പ്രവാസികളെ ഏൽപ്പിക്കണം എന്ന ആവശ്യം കേന്ദ്ര, കേരള സർക്കാരുകളുടെ മുമ്പിൽ ഒരാവശ്യമായി താൻ ഉന്നയിച്ചിട്ടുണ്ടെന്ന് ശങ്കരപ്പിള്ള പറഞ്ഞു. ഇതേ ആവശ്യം ഒന്നാം ലോക കേരളസഭ സമ്മേളനത്തിലും ഉയർത്തിയിരുന്നെന്നും ഇക്കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സിയുടെ കീഴിൽ പ്രവാസികളായി മരിച്ചുപോകുന്നവർക്ക് നേരത്തെ ആരംഭിച്ച മരണാന്തര സഹായ നിധി പുരാനാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ ചേർന്ന പലർക്കും അവർ മരിച്ചപ്പോൾ അവരുടെ വിഹിതം വിതരണം ചെയ്തിട്ടുണ്ട്​. എന്നാൽ ചിലർക്ക് കൂടി വിതരണം ചെയ്യാൻ ബാക്കിയുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അംഗത്വ കാമ്പയിന് ശേഷം ബാക്കിയുള്ളവർക്ക് കൂടി ആ സഹായം വിതരണം ചെയ്യും. തിരുവനന്തപുരത്ത് ഒ.ഐ.സി.സിയുടെ ഒരു ഫുൾടൈം ഓഫീസ് പ്രവർത്തനം തുടങ്ങിയതായും കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ, സൗദി നാഷനൽ കമ്മറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ, വെസ്റ്റേൺ റീജനൽ ജനറൽ സെക്രട്ടിമാരായ നൗഷാദ് അടൂർ, മമ്മദ് പൊന്നാനി, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹുസ്സൈൻ ചുള്ളിയോട്, ജിദ്ദ പ്രോഗ്രാം കൺവീനർ കുഞ്ഞുമുഹമ്മദ് കോടശ്ശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജിദ്ദയിലെ കമ്മിറ്റികളിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി

ജിദ്ദ: കുറച്ചുകാലമായി ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ, മലപ്പുറം ജില്ലാ കമ്മിറ്റികൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായതായി ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. ഇരുകമ്മിറ്റി ഭാരവാഹികളെയും ഒരുമിച്ചിരുത്തി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. സൗദിയിൽ പല പ്രദേശത്തും ഒ.ഐ.സി.സി കമ്മറ്റികൾക്കിടയിൽ ചെറിയ സംഘനാപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ട്. അതെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ജിദ്ദയിലും ഇത്തരത്തിൽ വലിയ പ്രശ്നങ്ങളാണ് ഉള്ളത് എന്നായിരുന്നു ഇവിടെ എത്തുന്നതുവരെ തനിക്ക് വിവരം കിട്ടിയിരുന്നത്. എന്നാൽ പരസ്പരം ചെറിയ പ്രശ്നങ്ങൾ മാത്രം നിലനിന്നിരുന്ന വെസ്റ്റേൺ റീജ്യൻ, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ ഭാരവാഹികളെ ഒന്നിച്ചിരുത്തി എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടത്താനായി. ജിദ്ദയിൽ അംഗബലം കൊണ്ട് മലപ്പുറം ജില്ലാ കമ്മിറ്റി ഏറെ മുന്നിലാണ്. ഇനി മുതൽ വെസ്റ്റേൺ റീജ്യൻ കമ്മിറ്റിക്ക് കീഴിൽ തന്നെ നിന്ന് കൊണ്ടായിരിക്കും ജില്ലാകമ്മിറ്റിയുടെ പ്രവർത്തനങ്ങൾ. ഈ അനുരഞ്ജനം പുതിയ തുടക്കമായിരിക്കുമെന്നും ഒ.ഐ.സി.സി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. സംഘടനാപരമായ ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമായിരുന്നു ഇതുവരെ ഇരു കമ്മിറ്റികൾക്കിടയിൽ ഉണ്ടായിരുന്നതെന്നും ഇനി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീറും മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കലും അറിയിച്ചു.

Tags:    
News Summary - OICC Global Conference to be held in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.