മക്ക: ഹജ്ജ് യാത്രയിലുടനീളം തീർഥാടകർ കൈവശം വെക്കേണ്ട നിർബന്ധിത ഔദ്യോഗിക രേഖയാണ് ‘നുസുക് കാർഡ്’ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. മക്ക, മസ്ജിദുൽ ഹറാം, മറ്റ് പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ഈ കാർഡ് അത്യാവശ്യമാണ്.
തീർഥാടകർക്ക് അവരുടെ സേവന കമ്പനികൾ വഴിയാണ് കാർഡുകൾ ലഭ്യമാക്കുന്നത്. ഭൗതികമായ കാർഡിന് പുറമെ, ഏതു സമയത്തും എളുപ്പത്തിൽ ഉപയോഗിക്കാൻ പാകത്തിൽ ‘നുസുക്’, ‘തവക്കൽന’ എന്നീ ആപ്ലിക്കേഷനുകൾ വഴി ഇതിെൻറ ഡിജിറ്റൽ പതിപ്പും ലഭ്യമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. കാർഡ് ലഭിക്കാത്ത തീർഥാടകർ ഉടൻ തങ്ങളുടെ സേവന ദാതാക്കളെ ബന്ധപ്പെട്ട് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും സേവനങ്ങളിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുമായി പ്രത്യേക ‘തീർഥാടക പരിചരണകേന്ദ്രം’ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. തീർഥാടകർക്ക് തങ്ങളുടെ അന്വേഷണങ്ങളും അഭിപ്രായങ്ങളും സൗദിക്കുള്ളിൽനിന്ന് 1966 എന്ന ഏകീകൃത നമ്പറിലൂടെയും, സൗദിക്ക് പുറത്തുള്ളവർക്ക് +966920002814 എന്ന നമ്പറിലൂടെയും അറിയിക്കാവുന്നതാണ്. ഹജ്ജ് സീസണിൽ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനും തീർഥാടകരുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനുമാണ് മന്ത്രാലയം ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.