ഡിസ്പാക്കിന്റെ പുതിയ നേതൃത്വം
ദമ്മാം: ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ രക്ഷാകർതൃ കൂട്ടായ്മയായ ‘ഡിസ്പാകി’ലെ ചേരിപ്പോരിന് അറുതി. രണ്ട് ചേരിയായി നിന്നിരുന്നവർ എല്ലാ പിണക്കങ്ങളും മറന്ന് ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങൾ സാക്ഷ്യംവഹിച്ച മാരത്തൺ ചർച്ചകളാണ് ഒടുവിൽ ഒറ്റക്കെട്ടാവാനുള്ള നല്ല തീരുമാനത്തിലെത്തിയത്. ഏറ്റവും കൂടുതൽ മലയാളി കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.അഹമ്മദ് പുളിക്കൻ, ഡോ. സിദ്ദീഖ് അഹമ്മദ് എന്നിവർ ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിലെ പ്രമുഖർ ഇരുപക്ഷത്തോടും തർക്കങ്ങൾ മറന്ന് ഒന്നാകാൻ ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഘടനയിൽ പിളർപ്പുണ്ടായപ്പോൾ തന്നെ മാധ്യമപ്രവർത്തകരുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ വർഷം ജനറൽ ബോഡി യോഗത്തിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്നാണ് സംഘടന രണ്ടു കമ്മിറ്റിക്ക് കീഴിലായത്.
എന്നാൽ ഏതാനും പേരുടെ പിടിവാശിയാണ് പിളർപ്പിന് കാരണമെന്ന ധാരണ പൊതുസമൂഹത്തിനുണ്ടായതോടെ അവരിൽനിന്ന് ഇരുകൂട്ടരും ശക്തമായ എതിർപ്പ് നേരിടാൻ തുടങ്ങി. ഇന്ത്യൻ സ്കൂളുകളുടെ മാനേജ്മെന്റ് കമ്മിറ്റികളിലേക്ക് ജനാധിപത്യപരമായ രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ ഇല്ലാതാവുകയും സ്കൂൾ കാര്യങ്ങളിൽ പൊതുസമൂഹത്തിന്റെ ഇടപെടലുകൾ പൂർണമായും നിരാകരിക്കുകയും ചെയ്യുന്ന മാറിയ സാഹചര്യത്തിൽ വിഘടിച്ചുനിന്നാൽ അത് വലിയ ദോഷം ചെയ്യുമെന്ന് ക്രമേണ ഇരുപക്ഷത്തിനും മനസ്സിലാവുകയായിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യങ്ങൾ അധികൃതരെ അറിയിക്കാൻ ശക്തമായ ഒറ്റവേദിയാണ് വേണ്ടതെന്നും വിഘടിച്ചുനിൽക്കുന്നത് ഇത്തരം പ്രവർത്തനങ്ങളെ തളർത്തുമെന്നും ‘ഗൾഫ് മാധ്യമം’ ഉൾപ്പടെയുള്ള മാധ്യമങ്ങൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
ഇക്കാര്യം വൈകിയാണെങ്കിലും രക്ഷാകർതൃ കൂട്ടായ്മ തിരിച്ചറിയുകയായിരുന്നു. അധികം തർക്കങ്ങളില്ലാതെ ഇരുവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് ഡിസ്പാക് ഭരണസമിതി വിപുലീകരിക്കാൻ കഴിഞ്ഞത് നേട്ടമായാണ് വിലയിരുത്തുന്നത്.10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ‘ടോപേഴ്സ് അവാർഡ്’ പരിപാടി ഈ മാസം 20ന് ഡിസ്പാക്ക് സംഘടിപ്പിക്കുന്നുണ്ട്.പുതിയ ഭാരവാഹികളായി നജീം ബഷീർ (ചെയർ.), നജീബ് അരഞ്ഞിക്കൽ (പ്രസി.), താജ് അയ്യാരിൽ (ജന. സെക്ര.), ആസിഫ് താനൂർ (ട്രഷ.), തോമസ് തൈപ്പറമ്പിൽ, മുജീബ് കളത്തിൽ, ആഷിഫ് ഇബ്രാഹിം (വൈ. പ്രസി.), അജീം ജലാലുദ്ദീൻ, ഫൈസി വാറങ്കോടൻ, ഇർഷാദ് കളനാട് (ജോ. സെക്ര.), ഷിയാസ് കണിയാപുരം (ജോ. ട്രഷ.), ജോയ് വർഗീസ് (സ്പോർട്സ് കൺവീനർ), നിസാം യൂസുഫ് (കലാവിഭാഗം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.അനസ് ബഷീർ, മുസ്തഫ പാവയിൽ, വി.പി. ഷമീർ, ശറഫുദ്ദീൻ ഖാസിം, മജ്റൂഫ്, എം. റാഫി, നാസർ കടവത്ത്, നവാസ് ചൂന്നാടൻ, ഗുലാം ഹമീദ് ഫൈസൽ, മുഹമ്മദ് നിഷാദ്, നിഹാസ് കിളിമാനൂർ, രെഞ്ചു രാജ് എന്നിവർ എക്സിക്യൂട്ടിവ് അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.