ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങൾ വഴി കപ്പലുകൾക്ക് ഇന്ധനവും വെള്ളവും ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾ ലഭ്യമാക്കുന്ന സമഗ്ര സേവന പദ്ധതിക്ക് സൗദി ജനറൽ അതോറിറ്റി ഫോർ പോർട്ട്സ് (മവാനി) തുടക്കം കുറിച്ചു.
ഹോർമൂസ് കടലിടുക്കിലെ ചരക്ക് ഗതാഗതം തടസ്സപ്പെടുന്നതും മേഖലയിലെ ചില ഭാഗങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെത്തുടർന്നുള്ള സംഘർഷാവസ്ഥയും പരിഗണിച്ചാണ് ഈ അടിയന്തര നീക്കം. കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങളുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്തി കപ്പലുകളുടെ പ്രവർത്തനം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് 'മവാനി' പ്രസ്താവനയിൽ വ്യക്തമാക്കി.
പുതിയ പദ്ധതിയുടെ ഭാഗമായി കപ്പലുകൾക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ, ഇന്ധനം, വെള്ളം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം കപ്പൽ ജീവനക്കാരുടെ മാറ്റം (ക്ര്യൂ ചേഞ്ച്) ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കും. സേവനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി മവാനി അംഗീകൃത കപ്പൽ വിതരണക്കാരുടെയും ഇന്ധന സേവന ദാതാക്കളുടെയും പുതുക്കിയ പട്ടികയും പുറത്തിറക്കിയിട്ടുണ്ട്. ഇതുവഴി കപ്പൽ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും തടസ്സമില്ലാതെ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കാൻ സാധിക്കും. കൂടാതെ, ആവശ്യങ്ങളിൽ ഉടനടി നടപടി സ്വീകരിക്കാനും സേവന നിലവാരം ഉറപ്പാക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപഭോക്തൃ സേവന കേന്ദ്രവും നോളജ് സെന്ററും അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. മേഖലയിലെ സമുദ്ര ഗതാഗത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിതരണ ശൃംഖലകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും ഏത് പ്രതിസന്ധി ഘട്ടത്തിലും സൗദി തുറമുഖങ്ങൾ പൂർണ സജ്ജമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.