റിയാദ്: 2026 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീം തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി. സൗദി അറേബ്യയുടെ സാംസ്കാരിക അടയാളമായ ‘ഷിമാഗി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വെളുത്ത നിറത്തിലുള്ള ജേഴ്സി, ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
‘അഭിമാനത്തിെൻറയും തനിമയുടെയും നൂലിഴകൾ.. സൗദി ഷിമാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ വെളുത്ത ജേഴ്സി’ എന്ന കുറിപ്പോടെ ടീമിെൻറ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെയാണ് പുതിയ ജേഴ്സിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. രാജ്യത്തിെൻറ പാരമ്പര്യത്തോടുള്ള ബഹുമാനവും കായികരംഗത്തെ കുതിപ്പും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പുതിയ ഡിസൈൻ.
പുതിയ ജേഴ്സി പുറത്തിറക്കിയതിനൊപ്പം തന്നെ ലോകകപ്പിനായുള്ള നിർണായക പരിശീലന ക്യാമ്പിനും ടീം തുടക്കം കുറിച്ചു. നിലവിൽ ജിദ്ദയിൽ നടക്കുന്ന ക്യാമ്പ്, മാർച്ച് 22 മുതൽ 31 വരെ സെർബിയയിലെ ബെൽഗ്രേഡിലേക്ക് മാറും. ലോകകപ്പിന് മുൻപ് കളിക്കാരുടെ കായികക്ഷമതയും സാങ്കേതിക മികവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണിത്.
തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ട് കരുത്തരായ ടീമുകൾക്കെതിരെയാണ് സൗദി പൊരുതുന്നത്. മാർച്ച് 27ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ വെച്ച് ഈജിപ്തുമായി ഏറ്റുമുട്ടും. മാർച്ച് 31ന് ബെൽഗ്രേഡിൽ വെച്ച് യൂറോപ്യൻ കരുത്തരായ സെർബിയക്കെതിരെയും സൗദി പോരാടും.
ഫിഫ ലോകകപ്പ് 2026-ൽ ഗ്രൂപ്പ് എച്ചിലാണ് സൗദി അറേബ്യ ഉൾപ്പെട്ടിരിക്കുന്നത്. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ഉറുഗ്വേ, കേപ് വെർഡെ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ആരാധകരുടെ ആവേശം വാനോളമുയർത്തിക്കൊണ്ടാണ് ലോകകപ്പിന് മുന്നോടിയായുള്ള ഈ ഒരുക്കങ്ങൾ പൂർത്തിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.