പിടികൂടിയ ഷാംപൂ കുപ്പികൾ
കുവൈത്ത് സിറ്റി: ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് ലഹരി കടത്താൻ ശ്രമം. ഒമ്പതു കിലോ ലഹരി സ്വഭാവമുള്ള രാസദ്രാവകം കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. നിരോധിത വസ്തുക്കളുടെ കടത്തു തടയുന്ന കർശന പരിശോധനാ നടപടികളുടെ ഭാഗമായി, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന് കീഴിലുള്ള എയർ കാർഗോ കസ്റ്റംസ് വിഭാഗത്തിന്റെ 'ടാർഗെറ്റിംഗ് ടീം'ആണ് കുപ്പികളിൽ നിറച്ച ലഹരി കണ്ടെത്തിയത്.
സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഷാംപൂ കുപ്പികൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരിമരുന്ന് ദ്രാവകം കണ്ടെത്തിയത്. യു.കെയിൽ നിന്നാണ് ഇവ എത്തിയത്. പിടിച്ചെടുത്ത വസ്തു കണ്ടുകെട്ടി. ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ കർശനമായി നിരീക്ഷിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് നടപടി.
ലഹരിമരുന്ന് കടത്ത് തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി, ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി സഹകരിച്ച്, അത്യാധുനിക പരിശോധനാ രീതികൾ ഉപയോഗിച്ച് എല്ലാ പ്രവേശന കവാടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.